പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനം….ഏരിയാ സെക്രട്ടറി ആയിരുന്നപ്പോൾ തന്നെ ബിജെപിയിലേക്ക് മധു കാലെടുത്ത് വെച്ചിരുന്നു…
മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്. മധു മുല്ലശ്ശേരിക്ക് ഏതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് തടസമില്ലെന്ന് വി ജോയ് പ്രതികരിച്ചു. ഞാൻ ജില്ല സെക്രട്ടറിയായി ഇരിക്കുന്നിടത്തോളം കാലം പാർട്ടി സഖാക്കൾ വഴി തെറ്റിപോകാൻ പാടില്ല. പാർട്ടിയ്ക്ക് അപമാനമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യനോ പാർട്ടിയെ ഒറ്റുകൊടുക്കാൻ പാടില്ലായെന്നും വി ജോയ് പറഞ്ഞു.
പാർട്ടിയുടെ തത്ത്വങ്ങളും മൂല്യങ്ങളും ബലികഴിക്കാൻ പാടില്ല. അത്തരം നീചവും നിന്ദ്യവുമായ ചില പ്രവൃത്തികൾ കണ്ടതുകൊണ്ടാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മധു മുല്ലശ്ശേരിയോട് ഒഴിയാൻ പറഞ്ഞത്. പക്ഷെ സ്ഥാനം ഒഴിയാൻ കഴിയില്ലെന്നാണ് മധു മുല്ലശ്ശേരി പറഞ്ഞത്. പാർട്ടി വിരുദ്ധ നടപടികൾക്ക് അനുവാദം കൊടുക്കാത്തതാണ് മധുവിന്റെ പ്രശ്നം. ഏത് സഖാവിന്റെ ഭാഗത്ത് നിന്ന് പിശക് വന്നാലും തിരുത്താൻ നടപടിയെടുക്കും. തിരുത്താൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരും. മധു മുല്ലശ്ശേരിയെ പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനമെന്നും വി ജോയ് വ്യക്തമാക്കി.