മുസ്ലീം ലീഗിന്റെ ഗാസ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന് വിഡി സതീശൻ
മുസ്ലീം ലീഗ് സംഘടിപ്പിച്ച ഗാസ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിൽ വിഡി സതീശന്റെ പേരും ഉണ്ടായിരുന്നു. എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച സമ്മേളനം ഐയുഎംഎൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു ഷാവേഷ് മുഖ്യാതിഥിയായി.
ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീൻ അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണെന്നും ഇന്ന് രാജ്യം ഭരിക്കുന്നവർ അത് മറന്നിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ലെന്നും എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിർക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്രയേൽ. പലസ്തീനിലെ രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം. അതിന് വംശഹത്യയാണോ പരിഹാരം? മറ്റൊരു പോംവഴിയില്ലേ? ലോകരാജ്യങ്ങൾ എന്താണ് മിണ്ടാത്തത്? ഇപ്പോൾ ഫ്രാൻസും ബ്രിട്ടനും മറ്റ് ചില രാജ്യങ്ങളും പലസ്തീൻ എന്ന രാജ്യത്തെ അംഗീകരിക്കാൻ തയ്യാറാവുന്നുണ്ട്. അമേരിക്ക ഇതുവരെ അതിന് തയ്യാറായിട്ടില്ല. അവർ ലോകജനതയെ വെല്ലുവിളിക്കുകയാണ്. നമുക്ക് മിണ്ടാതിരിക്കാനാവുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ജാതിമത വ്യത്യാസമില്ലാതെ ഹൈന്ദവ പുരോഹിതരും ക്രൈസ്തവ മേലധ്യക്ഷന്മാരും ഇസ്ലാം മതപണ്ഡിതരും മാധ്യമപ്രവർത്തകരും ചിന്തകരും എല്ലാവരും ഗാസയിൽ നടക്കുന്ന കൂട്ടക്കുരുതിക്ക് എതിരായി ശബ്ദിക്കുകയാണ്. ലോകത്ത് ഒരുപാട് പേർ ആ മനുഷ്യക്കുരുതിക്കെതിരായി ശബ്ദിക്കുന്നവരാണ്. ഒരിറ്റു കണ്ണീര്, ഒരു വാക്ക്, അതെങ്കിലും ആ മനുഷ്യക്കുരുതിക്കെതിരായി, ആ കുഞ്ഞുങ്ങൾക്കായി നമ്മൾ ചെയ്തില്ലെങ്കിൽ തെറ്റായിപ്പോകും. കുഞ്ഞുങ്ങളുടെ കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ല. എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിർക്കണം. ദുഷ്ടതയ്ക്കെതിരായ യുദ്ധത്തിൽ മുസ്ലീം ലീഗും അണിചേരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.