വി.ഡി. സതീശൻ വനവാസത്തിന് പോകണം…. ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്… എം.എം. മണി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയും കടുത്ത ഭാഷയിൽ വിമർശനവുമായി എം.എം. മണി എംഎൽഎ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് സതീശനെന്നും അദ്ദേഹം എത്രയും വേഗം രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും എം.എം. മണി പറഞ്ഞു.

രമേശ് ചെന്നിത്തല, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവർ വ്യത്യസ്തരായ നേതാക്കളായിരുന്നു. എന്നാൽ വി.ഡി. സതീശൻ അങ്ങനെയല്ല. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറാകണമെന്ന് മണി പരിഹസിച്ചു. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നു. ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും സ്വയം മാറിനിന്നതാണ്. പാർട്ടിയും ഇടതുപക്ഷവും തനിക്ക് നൽകേണ്ടതെല്ലാം നൽകിയിട്ടുണ്ടെന്നും പാർലമെന്ററി വ്യാമോഹങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധി ഘാതകരുടെ കൈയ്യിൽ ഇന്ത്യയെ എത്തിച്ച പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അവരുടെ സൗജന്യ വാഗ്ദാനങ്ങൾ വിഡ്ഢിത്തമാണെന്നും ഒന്നും നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെഹ്‌റു കുടുംബത്തിൽ ജനിച്ചു എന്നത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ കൈമുതലെന്നും മണി പരിഹസിച്ചു. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതാണ് യഥാർത്ഥ പൊതുജീവിതം. അതിന് ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവും കേരളത്തിലില്ല. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ എം.എം. മണിയേയും പുറത്താക്കുമെന്നും അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Back to top button