സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലുടെ വളര്‍ത്തുന്നു…
തോട്ടട ഐടിഐയിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിദ്യാർത്ഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് വി ഡി സതീശൻ. എസ്എഫ്‌ഐക്കാർ അല്ലാത്ത എല്ലാവർക്കും മർദനമേറ്റെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് അധ്യാപകരും കൂട്ടുനിന്നു. ഇരകൾക്ക് നേരെയാണ് പൊലീസ് ലാത്തിചാർജ് നടത്തിയത്. പൊലീസ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നിർദേശം അനുസരിക്കുകയായിരുന്നു. സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലൂടെ വളർത്തുകയാണ്. വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കാൻ ഒത്താശ ചെയ്യുന്ന സിപിഐഎം നേതൃത്വം ഏത് കാലത്താണ് ജീവിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ ഒരു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറല്ല. ഞങ്ങളുടെ കുട്ടികളെ എന്തു വില കൊടുത്തും സംരക്ഷിക്കും.
ക്യാമ്പസിൽ തുടർച്ചയായി അക്രമമാണെന്ന് ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തി എന്നോട് പരാതി പറഞ്ഞ കുട്ടികളാണ് അടിയേറ്റ് ആശുപത്രിയിൽ കിടക്കുന്നത്. നാളെ യൂണിയൻ തിരഞ്ഞെടുപ്പിലേക്ക് നോമിനേഷൻ കൊടുക്കാനുള്ള ദിവസമാണ്. അത് കൊടുക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിൽ ക്രൂരമായ ആക്രമണമുണ്ടായത്. കണ്ണൂരിൽ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലുടെ വളർത്തുകയാണ്. അടിയന്തരമായി ഐടിഐയും പോളിടെക്‌നികും റെയ്ഡ് ചെയ്ത് പൊലീസ് ആയുധങ്ങൾ പിടിച്ചെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.