ഉമ്മൻചാണ്ടി അഭിമുഖത്തിന്റെ പേരാണത്, അതെങ്കിലും മാറ്റമായിരുന്നു; മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖത്തിൽ സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും , മോഹൻലാലുമൊത്തുള്ള അഭിമുഖത്തെ തങ്ങൾ പരിഹസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരും ഇരുവർ എന്നായിരുന്നുവെന്നും പേരെങ്കിലും മാറ്റമായിരുന്നുവെന്നും സതീശൻ പറഞ്ഞു. പുതുയുഗയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. തിഞ്ഞെടുപ്പടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണ കമ്മീഷനെയും, പിഎസ്‌സി പ്രായപരിധിയേയും ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമർശനം. സർക്കാർ കൃത്യമായ നിയമനങ്ങൾ നൽകിയില്ല. ഉദ്യോഗാർത്ഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് ഇട്ട സർക്കാരാണിത്. എന്നിട്ടാണ് പോകുന്ന സമയത്ത് പിഎസ്‌സിയുടെ പ്രായം കൂട്ടി എന്ന പ്രഖ്യാപനം നടത്തുന്നത്.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മൂന്ന് വർഷക്കാലം പൂഴ്ത്തിവെച്ചെന്നും സതീശൻ വിമർശിച്ചു. പ്രക്ഷോഭങ്ങൾ വന്നപ്പോഴാണ് സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തയ്യാറായത്. പ്രായോഗികമായി ഇതൊന്നും നടപ്പാക്കാൻ കഴിയില്ല. പെൻഷന്റെ വിഷയത്തിലും ജനങ്ങളെ സർക്കാർ കബളിപ്പിച്ചു. 2500 ആകും എന്ന് പറഞ്ഞിട്ട് അവസാന നിമിഷം 400 രൂപയാണ് കൂട്ടിയത് എന്നും സതീശൻ വിമർശിച്ചു.



