റീൽസ് എടുക്കലും ക്രെഡിറ്റ് എടുക്കലും മാത്രം… എട്ടുകാലി മമ്മൂഞ്ഞ് ചമയാൻ ശ്രമം.. പരിഹസിച്ച് വി.ഡി സതീശൻ…
ദേശീയപാതയിലെ വിള്ളൽ വിഷയത്തിൽ മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റീൽസ് എടുക്കലും ക്രെഡിറ്റ് എടുക്കലും മാത്രമാണ് നടന്നത്. വിള്ളലുള്ള ഭാഗത്ത് പോയി പൊതുമരാമത്ത് മന്ത്രി റീൽസ് എടുത്താൽ കുറേക്കൂടി മനോഹരമാകും എന്നും വി.ഡി. സതീശൻ പരിഹസിച്ചു. ക്രെഡിറ്റ് ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാൻ ശ്രമിച്ചപ്പോഴാണ് നാലാം വാർഷികത്തിൽ ദേശീയപാത പൊളിഞ്ഞുവീണതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.
ദേശീയ പാത നിർമ്മാണവുമായി ‘അ’ മുതൽ ‘ക്ഷ’ വരെ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. എല്ലാം കേന്ദ്ര സർക്കാർ ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പൊതുമരാമത്ത് മന്ത്രി പറയുന്നത് ഇനിയും റീൽ ഇടുമെന്നാണ്. ദേശീയ പാതയിൽ അൻപത് സ്ഥലത്തെങ്കിലും വിള്ളൽ വീണിട്ടുണ്ട്. കൂരിയാട് മാത്രമല്ല, തിരുവനന്തപുരം ഉൾപ്പെടെ അൻപതോളം സ്ഥലങ്ങളിൽ വിള്ളലുണ്ട്. ആദ്യം ഉമ്മൻ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കി. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. വിഴിഞ്ഞത്തിന്റെ പൂർണമായ ക്രെഡിറ്റ് ഉമ്മൻ ചാണ്ടി സർക്കാരിനാണ്.
രണ്ടാമതായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതിയുടെ ക്രെഡിറ്റ് പൂർണമായും ഏറ്റെടുക്കാൻ നോക്കി. നാലാം വാർഷികത്തിൽ അതിന് വിള്ളൽ വീണു. ഞങ്ങൾക്ക് വലിയ സന്തോഷമായി എന്നതാണ് മന്ത്രിയുടെ പരാതി. ഞങ്ങൾക്ക് സന്തോഷമല്ല, എം.പിമാർ ഉൾപ്പെടെ ഞങ്ങളെല്ലാം റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് എഴുതിക്കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ റെയിലിന് മാത്രമാണ് ഞങ്ങൾ എതിര് നിന്നത്. ആ നിലപാടിൽ ജനങ്ങളും ഞങ്ങൾക്കൊപ്പം നിന്നു. കുറ്റികളൊക്കെ ഊരി എറിഞ്ഞില്ലേ? അല്ലാതെ ഏതു കാര്യത്തിനാണ് ഞങ്ങൾ എതിര് നിന്നത്. 2019 ൽ പൂർത്തിയാകേണ്ട വിഴിഞ്ഞത്തെ 2025-ൽ പൂത്തിയാക്കിയിട്ടും അതിൽ ക്രെഡിറ്റ് എടുക്കുകയാണ്. ഏത് വികസന പദ്ധതിയിലാണ് ഈ സർക്കാരിന് അവകാശവാദം ഉന്നയിക്കാനുള്ളത്? ഗെയിൽ പൈപ്പ് ലൈൻ ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുടങ്ങുമ്പോൾ ഭൂമിയ്ക്കടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബോംബാണെന്നു പറഞ്ഞ് സമരം ചെയ്ത ഒരാൾ ഈ മന്ത്രിസഭയിലുണ്ട്. വീടുകളിൽ ഗ്യാസ് കൊടുത്തെന്നാണ് പറയുന്നത്. ആ പദ്ധതി പത്ത് വർഷം മുൻപ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കളമശേരിയിൽ ഉദ്ഘാടനം ചെയ്തതാണ്. ഇങ്ങനെയൊക്കെ ക്രെഡിറ്റ് എടുക്കാമോയെന്ന് വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ദേശീയപയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ കേരളത്തിൽ പ്രതിസന്ധിയിലായിരുന്നു. ഭൂമി ഏറ്റെടുത്ത് നൽകിയിരുന്നെങ്കിൽ 10 വർഷം മുൻപെ യു.പി.എ സർക്കാരിന്റെ കാലത്ത് ദേശീയപാതയുടെ പണി പൂർത്തിയായേനെ. അന്ന് തുച്ഛമായ വിലയാണ് ഭൂമിക്ക് നൽകിയിരുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് റൈറ്റ് ടു ഫെയർ കോംമ്പൻസേഷൻ ആക്ട് കൊണ്ടു വന്ന് ഹൈവെയെ അതിൽ ഉൾപ്പെടുത്തിയതു കൊണ്ടാണ് ഉയർന്ന തുക നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനായത്. അന്ന് 23000 കിട്ടിയിരുന്ന സ്ഥലത്തിനാണ് ഇന്ന് 10 ലക്ഷം കിട്ടിയത്. അതുകൊണ്ടാണ് ഇപ്പോൾ സ്ഥലം ഏറ്റെടുക്കാൻ സാധിച്ചത്. റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആക്ട് വന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും സ്ഥലം ഏറ്റെടുക്കാൻ സാധിക്കില്ലായിരുന്നു. കുറഞ്ഞ തുകയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ കോൺഗ്രസും സി.പി.എമ്മും സമരം ചെയ്തിട്ടുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു.
ഡി.പി.ആറിൽ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്നു. അതേക്കുറിച്ച് അന്വേഷിക്കണം. ഡി.പി.ആറിൽ മാറ്റം വരുത്താൻ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണം. ഒരാളും ശ്രദ്ധിച്ചില്ല എന്നതാണ് പ്രശ്‌നം. സംസ്ഥാന സർക്കാരിന് ദേശീയ പാത അതോറിട്ടിയുമായി ഒരു ഏകോപനവും ഉണ്ടായിരുന്നില്ല. റീൽ എടുക്കൽ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മണ്ണ് പരിശോധന നടത്താതെയാണ് പില്ലറുകൾ സ്ഥാപിച്ചത്. അതാണ് ഇടിഞ്ഞു വീണത്. ഇതൊക്കെ ഞങ്ങൾ ആദ്യം പറഞ്ഞതാണ്. ദേശീയപാതയിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ട്. ധാരാളം തോടുകളും കാനകളും അടഞ്ഞു പോയിട്ടുണ്ട്. ജനങ്ങൾ ഭയപ്പാടിലാണെന്നും പ്രതിപക്ഷ നേതാവ്.