ദേശീയ പണിമുടക്ക് നടക്കുന്നതിനിടെ വിഡി സതീശൻ പുതുയുഗ യാത്ര നിര്‍ത്തി വെച്ചില്ല; വിമര്‍ശനവുമായി എം വി ഗോവിന്ദൻ

ദേശീയ പണിമുടക്ക് നടക്കുന്നതിനിടെ വിഡി സതീശൻ പുതുയുഗ യാത്ര നിര്‍ത്തിവെക്കാത്തതിൽ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഐഎൻടിയുസിക്ക് തൊഴിലാളി പ്രതിഷേധത്തോട് ചേര്ന്നുനിൽക്കാൻ താൽപര്യമില്ലെന്നും, വിഡി സതീശൻ യാത്ര മാറ്റിവെച്ചില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കോട്ടക്കലിൽ പണിമുടക്ക് ദിവസത്തെ ട്രേഡ് യൂണിയൻ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംവി ഗോവിന്ദൻ. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്ക് ആണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് എല്ലാവര്ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകാം ഐഎൻടിയുസി തൊഴിലാളി പ്രതിഷേധത്തോട് ചേര്‍ന്നുനിൽക്കാത്തത്. യുഡിഎഫ് യോജിച്ച സമരത്തിന് അനുവദിച്ചില്ല. ഇത് തെറ്റായ തീരുമാനമാണ്. തൊഴിലാളി വർഗത്തോട് ചേർന്നു നിൽക്കാൻ രാഷ്ട്രീയ താല്പര്യം അനുവദിക്കുന്നില്ല എന്നല്ലേ അതിനർത്ഥം? വി. ഡി. സതീശൻ യാത്ര മാറ്റിവച്ചില്ല. ഐഎൻടിയുസി പറഞ്ഞത് സതീശൻ കേട്ടില്ല. സതീശന്റെ യാത്രയിലെ വാഹനത്തിനും ഡ്രൈവർമാരില്ലെ?. പണിമുടക്ക് ദിവസം കല്പറ്റയിൽ ഐഎൻടിയുസിക്കാര്‍ ലോറി ഡ്രൈവറെ തടഞ്ഞത് പോലെ വിഡി സതീശന്റെ വാഹനവും തടയുമോ? എന്നും എംവി ഗോവിന്ദൻ ചോദിച്ചു.




