ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസ് പരോക്ഷമായി സഭയിൽ പരാമർശിച്ച് വി ഡി സതീശന്‍…
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരിക്കേസ് പരോക്ഷമായി നിയമസഭയില്‍ പരാമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചത് കൊണ്ടാണ് കേസിലെ പ്രതികളെ വെറുതെ വിട്ടതെന്ന് വി ഡി സതീശന്‍ ആരോപിച്ചു. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കെക്കെയ്ൻ കേസിലെ പ്രതികളെ വെറുതെ വിട്ട പത്രവാർത്ത പരാമർശിച്ചായിരുന്നു സതീശൻ്റെ പ്രതികരണം. ഇന്നലെയായിരുന്നു കെക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
‘കൊക്കെയിന്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരിക്കുകയാണ്. എന്‍ഡിപിഎസ് കേസില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. സഹായിക്കാന്‍ കൊടുത്തതാണ്’, എന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. പിന്നാലെ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് മറുപടി നല്‍കി. പൊലീസ് പിടിച്ചതും ശിക്ഷിച്ചതും കാണില്ല. വെറുതെ വിട്ടതുമാത്രമെ കാണൂ. മൈക്രോസ്‌കോപ്പുമായി നടക്കുകയാണ് പ്രതിപക്ഷ നേതാവ് എന്നായിരുന്നു എം ബി രാജേഷിന്റെ മറുപടി. പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് പ്രതിപക്ഷ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിലാണ് വി ഡി സതീശന്‍ ഇക്കാര്യം പരാമര്‍ശിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഗുണ്ടകളുടെ സമ്മേളനം നടത്തുകയാണ്. വധശ്രമക്കേസ് പ്രതിയെ പത്തനംതിട്ടയില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചില്ലേ. ബര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷിച്ചില്ലേ. ഗുണ്ടകള്‍ നടത്തുന്ന പരിപാടിയില്‍ മുഖ്യാതിഥി പൊലീസ് ഉദ്യോഗസ്ഥരാണ്. ക്രിമിനലുകളുമായി നെക്‌സസുള്ള പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
നെന്മാറയിലേത് പൊലീസ് അനാസ്ഥയാണ്. പെണ്‍കുഞ്ഞുങ്ങള്‍ വന്ന് പരാതി പറയുമ്പോള്‍ ആരായാലും നടപടിയെടുക്കില്ലേ? പൊലീസിന്റെ കാഴ്ച്ച നഷ്ടപ്പെട്ടോ? പൊലീസുകാര്‍ ലഹരിയിലാണോ? സ്ത്രീകളെ ഉള്‍പ്പെടെ തല്ലുന്നതാണോ പൊലീസ്. പൊലീസിന്റെ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചു. പൊലീസ് സംവിധാനത്തിന് മേല്‍ നിയന്ത്രണം വേണം. സംസ്ഥാനത്ത് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.