നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ….അപകടത്തിൽ ഗൂഢാലോചനയോ അനാസ്ഥയോ….
ഉത്തർപ്രദേശിലെ ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കി. അപകടത്തിൽ ഗൂഢാലോചനയോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. രണ്ടംഗസമിതിയുടെതാണ് റിപ്പോർട്ട്. സ്വിച്ച് ബോർഡിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. തീപിടുത്തം ഉണ്ടാകുമ്പോൾ 6 നഴ്സുമാർ ICU വാർഡിൽ ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഐസിയുവിൽ 49 നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്. 16 കുഞ്ഞുങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതവും അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ കുടുംബങ്ങൾക്ക് അൻപതിനായിരം രൂപ വീതം നൽകും.