തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട്.. ഞങ്ങളുടെ മേൽവിലാസത്തിൽ ആറ് കള്ളവോട്ടുകൾ.. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ…
തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദം പുകഞ്ഞുകൊണ്ടിരിക്കെ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്.പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തങ്ങളുടെ മേൽവിലാസത്തിൽ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. 4 സി ഫ്ലാറ്റിൽ തന്നെ കൂടാതെ ആറുപേരുടെ വോട്ടുകൂടി ചേർത്തുവെന്ന് പ്രസന്ന അശോകൻ പറയുന്നു. പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറയുന്നു.വോട്ട് ചേർത്തവരിൽ തങ്ങളെ അറിയുന്നവരുമല്ലെന്നും ബന്ധുക്കാരും അല്ലെന്നും വീട്ടമ്മ പറയുന്നു.
എന്നാൽ ഇതേ ഫ്‌ളാറ്റ് നമ്പറിലും മേൽവിലാസത്തിലും ഒമ്പത് വോട്ടുകളാണ് ചേർത്തത്. തൃശൂരിൽ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എൽഡിഎഫും ആരോപണം ശക്തമാക്കുമ്പോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ വരുന്നത്.തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രസന്ന നാല് വർഷമായി വാടകയ്ക്ക് താമസിച്ച് വരികയാണ്. പ്രസന്നയോ ഫ്‌ളാറ്റിന്റെ ഉടമസ്ഥനോ അറിയുന്നവരല്ല വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്ന പേരുകൾ. വോട്ടർ പട്ടികയിൽ ചേർത്തവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫ്‌ളാറ്റിലെ വാടകചീട്ട് വെച്ചിട്ടാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു.