ട്രംപ് ഇടഞ്ഞു; പ്രതിസന്ധിയിലായത് കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതി മേഖലയും
അമേരിക്കയുടെ അധിക തീരുവ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായത് കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതി മേഖലയും. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ തീരുമാനം നിലവിൽ വന്നതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്കുള്ള ഓർഡറുകൾ മരവിപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഇതോടെ കോടിക്കണക്കിന് രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതി കമ്പനികളിൽ കെട്ടിക്കിടക്കുന്നത്. ഇവയ്ക്ക് പുതിയ വിപണി കണ്ടുപിടിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിന്റെ സമുദ്രോത്പന്നങ്ങളുടെ നല്ലൊരു വിപണിയായിരുന്നു അമേരിക്ക. ആറുമാസം മുൻപു തന്നെ അമേരിക്കൻ ഓർഡറുകൾ കേരളത്തിലെ കമ്പനികൾക്ക് ലഭിച്ചിരുന്നു. അമേരിക്കൻ ഓർഡറുകൾ ധാരാളമുണ്ടായിരുന്നതിനാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ ശേഖരിച്ചുവച്ചത്. എന്നാൽ, അദിക തീരുവ നിലവിൽ വന്നതോടെ തത്ക്കാലം കേരളത്തിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടെന്ന നിലപാടിലാണ് അമേരിക്ക. ഇതോടെയാണ് കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതി കമ്പനികൾ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.
ഓർഡറുകൾ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഈ വർഷം ഇതിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് കപ്പലിൽ പോയിട്ടുള്ളത്. ബാക്കിയുള്ളത് അയയ്ക്കാനുണ്ട്. ഇതിൽ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരളത്തിൽ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടൽ. അമേരിക്കൻ ഓർഡറുകൾ മുന്നിൽ കണ്ട് കോടികളാണ് കയറ്റുമതി കമ്പനികൾ ചെലവാക്കിയത്. അമേരിക്കൻ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയാണ്.
അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ കുറയുന്നതിനാൽ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്‌നാമും തായ്‌ലാൻഡും നേരത്തേ നൽകിയ ഓർഡറുകളിൽനിന്ന് പിന്മാറുന്നതായി ബിസിനസുകാർ പറയുന്നു. തത്കാലം ചരക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. വില കുറയാനുള്ള സാധ്യതയുള്ളതിനാൽ, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.
അതേസമയം, നിലവിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ് കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. സർക്കാർ സഹായമില്ലാതെ ഈ സാഹചര്യത്തെ മറികടക്കനാകില്ലെന്നും സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. പ്രവർത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷന്റെ ആവശ്യം.