പ്രതിരോധ വകുപ്പിന് പകരം ഇനിമുതൽ ‘യുദ്ധ വകുപ്പ്’.. യുഎസ് പ്രതിരോധ വിഭാഗത്തിന്റെ പേര് മാറ്റി ഡൊണാൾഡ് ട്രംപ്..
യു.എസ് പ്രതിരോധ വിഭാഗത്തിന്റെ പേരുമാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിരോധ വകുപ്പ് ഇനിമുതൽ യുദ്ധവകുപ്പ് എന്നായിരിക്കും അറിയപ്പെടുക. യുദ്ധ വകുപ്പ് എന്നാണ് പുതിയ പേര്. പേരുമാറ്റത്തിനായുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. വിജയത്തിന്റെയും കരുത്തിന്റെയും സന്ദേശമാണ് പേരുമാറ്റം നൽകുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
പേരുമാറ്റം പ്രാബല്യത്തിൽ വരാൻ കോൺഗ്രസ് അംഗീകാരം വേണം. ഇതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പെന്റഗൺ വെബ്സൈറ്റിന്റെ പേര് defence.gov എന്നതിൽ നിന്ന് war.gov എന്നാക്കി മാറ്റി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ട്രംപ് ‘യുദ്ധകാര്യ സെക്രട്ടറി’ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
അമേരിക്ക പ്രതിരോധത്തിന് മാത്രമല്ല, ആക്രമണത്തിനും തയാറാണെന്ന് ഹെഗ്സെത്ത് പറഞ്ഞു. 1789ലാണ് യു.എസ് യുദ്ധവകുപ്പ് രൂപവത്കരിക്കുന്നത്. രണ്ടാംലോകയുദ്ധം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷം 1947ൽ ഹാരി ട്രൂമാൻ പ്രസിഡന്റായ സമയത്താണ് ഇതിന്റെ പേര് പ്രതിരോധ വകുപ്പ് എന്നാക്കുന്നത്.