ആവശ്യമായ രേഖകളില്ല… ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മാമ്പഴങ്ങൾ തടഞ്ഞ് യുഎസ്…
ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മാമ്പഴങ്ങൾ യുഎസ് തടഞ്ഞു. 15 ഷിപ്മെൻറ് മാമ്പഴമാണ് തടഞ്ഞിട്ടിരിക്കുന്നത്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളിൽ മാമ്പഴ ലോഡുകൾ തടഞ്ഞതെന്നാണ് റിപ്പോട്ട്. ഈ മാമ്പഴങ്ങൾ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമകി ചെയ്യാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ലോസ് ഏഞ്ചൽസ്, സാൻഫ്രാൻസിസ്കോ, അറ്റ്ലാൻറ എയർപോർട്ടുകളിലാണ് മാമ്പഴങ്ങൾ തടഞ്ഞത്. ചരക്കുകൂലിയടക്കം നൽകി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാൽ ഈ മാമ്പഴങ്ങൾ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നവി മുംബൈയിൽ മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ നടപടികൾ പൂർത്തിയാക്കിയശേഷമായിരുന്നു യുഎസിലേക്കുള്ള മാമ്പഴക്കയറ്റുമതി. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ. യുഎസ് ഡിപ്പാർട്ട്മെൻറ് ഓഫ് അഗ്രികൾച്ചറിലെ ഒരു ഉദ്യോഗസ്ഥൻറെ മേൽനോട്ടത്തിലാണ് ഇറേഡിയേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും എന്നാൽ ഇറേഡിയേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ലോഡുകൾ തടഞ്ഞതെന്നാണ് കയറ്റുമതിക്കാർ വെളിപ്പെടുത്തിയത്.
ഈ ഉദ്യോഗസ്ഥനാണ് കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സർട്ടിഫൈ ചെയ്തു നൽകേണ്ടത്. ഓഫിസർ തെറ്റായ പിപിക്യു203 ആണ് നൽകിയതെന്നും ഇതാണ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പ്രതികരിച്ചു. ഇത് മൂലം ഏകദേശം 5 ലക്ഷം ഡോളറിന്റെ (4.25 കോടി രൂപ) നഷ്ടമാണ് കയറ്റുമതിക്കാർ നേരിടുന്നത്.



