തൊഴിലവസരം അറിയിക്കാൻ യുപിഎസ്സിയിൽ പുതിയ ഇ-മെയിൽ അലർട്ട് സംവിധാനം… സ്ഥാപനങ്ങൾക്ക് നേരിട്ട് അറിയിപ്പുകൾ ലഭിക്കും….

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഇ-മെയിൽ അലർട്ട് സംവിധാനത്തിന് രൂപം നൽകി യുപിഎസ്സി. (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ). ഇനി മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ സംഘടനകൾക്കും യുപിഎസ്സിയുടെ റിക്രൂട്ട്മെന്റ് അറിയിപ്പുകൾ നേരിട്ട് ഇ-മെയിലിൽ ലഭിക്കും. ഓഗസ്റ്റ് 5നാണ് യുപിഎസ്സി ചെയർമാൻ ഡോ. അജയ് കുമാർ ഈ പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

ഉദ്യോഗാർത്ഥികളിലേക്ക് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കാനും, അതുവഴി അപേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഡോ. അജയ് കുമാർ പറഞ്ഞു. യോഗ്യരായ ഉദ്യോഗാർത്ഥികളില്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ വർഷവും കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി 200-ൽ അധികം റിക്രൂട്ട്‌മെന്റ് അപേക്ഷകളാണ് യുപിഎസ്സിക്ക് ലഭിക്കുന്നത്. മെഡിക്കൽ, ലീഗൽ, എൻജിനീയറിങ്, ഫിനാൻസ്, ഫോറൻസിക് ഓഡിറ്റ്, മറ്റ് സാങ്കേതിക തസ്തികകൾ എന്നിവയിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനങ്ങൾ ഇതിൽപ്പെടും. 2025-ൽ മാത്രം 240-ൽ അധികം അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button