നിലമ്പൂർ തിരിച്ച് പിടിക്കാൻ ഉപ്പ ആഗ്രഹിച്ചിരുന്നു…അത് നേടിയെന്ന് ഷൌക്കത്ത്
യുഡിഎഫിന്‍റെ ഉറച്ച കോട്ട, കോൺഗ്രസിന്‍റെ കരുത്തനായ ആര്യാടൻ മുഹമ്മദ് എട്ട് തവണ വിജയിച്ച നിലമ്പൂർ മണ്ഡലം. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുത്ത് എൽഡിഎഫിന്‍റെ സർജിക്കൽ സ്ട്രൈക്കായിരുന്നു പിവി അൻവറിന്‍റെ സ്ഥാനാർതിത്ഥ്വം. ആര്യാടന്‍റെ പാരമ്പര്യത്തെ തകർത്ത്, കോൺഗ്രസ് കോട്ടക്ക് മുകളിൽ ഇടത് സ്വതന്ത്രൻ ചെങ്കൊടി പാറിച്ചു.
രണ്ടാം തവണയും ആധികരിക വിജയത്തോടെ പിവി അൻവർ നിലമ്പൂരിൽ തന്‍റെ കസേര ഉറപ്പിച്ചു. ഇപ്പോഴിതാ ഇടത് അടിക്കല്ലിളക്കി അൻവർ മുന്നണിക്ക് പുറത്ത് ചാടിയതോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ മണ്ഡലം തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. വോട്ടെണ്ണൽ അവസാന റൌണ്ടിലേക്കടുക്കുമ്പോൾ ഇടതിന്‍റെ കരുത്തനായ സ്ഥാനാർത്ഥി എം സ്വരാജിനെ നിഷ്പ്രഭനാക്കി ആര്യാടൻ ഷൗക്കത്ത് വലിയ ലീഡുറപ്പിച്ചിരിക്കുകയാണ്.
2016-ൽ അൻവർ തട്ടിയെടുത്ത വിജയം, ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകന്റെ മുന്നേറ്റം. പതിനായിരം കടന്ന് ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് നില മുന്നേറുകയാണ്. ഇത് വാപ്പ ആഗ്രഹിച്ചിരുന്ന വിജയമാണ്, അത് നേടിയെടുക്കാനായതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്നാണ് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്.
വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്താണ് മുന്നിട്ടുനിന്നത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. എൽ.ഡി.എഫ്. സ്ഥാനാർഥി എം. സ്വരാജിന്റെ ബൂത്തിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.