പാനിപൂരി കഴിക്കാൻ തുറന്ന വായ് അടയ്ക്കാനാകാതെ യുവതി…. സംഭവിച്ചത്…

പാനിപൂരി കഴിക്കാൻ തുറന്ന വായ് അടയ്ക്കാനാകാതെ യുവതി. വായ തുറന്നപ്പോൾ താടിയെല്ലിന് സ്ഥാന ചലനം സംഭവിച്ച് ലോക്കായാണ് വായ അടയ്ക്കാനാകാഞ്ഞത്. യുപി ഔരയ്യ ​ഗൗരി കിഷൻപൂർ സ്വദേശിനിയായ ഇൻകല ദേവിയുടെ താടിയെല്ലാണ് ലോക്കായത്. കോട്ടുവായ് ഇടുമ്പോഴും അമിതമായി വായ തുറക്കുമ്പോഴും വളരെ അപൂർവമായി പലർക്കും താടിയെല്ല് കുടുങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുമൂലം വായ അടയ്ക്കാനാവില്ലെന്ന് മാത്രമല്ല, കടുത്ത വേദനയും അനുഭവിക്കേണ്ടിവരും.

പാനിപൂരി കഴിക്കാൻ വായ തുറന്നതോടെ യുവതിയുടെ താടിയെല്ല് സ്ഥാനചലനം സംഭവിച്ച് കുടുങ്ങുകയായിരുന്നു. വായ അടയ്ക്കാനാവാതെ ബുദ്ധിമുട്ടിലായ 42കാരി ആശുപത്രിയിൽ ചികിത്സയിലാണ്. താടിയെല്ലുകൾ ലോക്കാവുകയോ സ്തംഭിക്കുകയോ ചെയ്യുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്.

പാനിപൂരി കഴിക്കാൻ വായ തുറന്നപ്പോൾ പെട്ടെന്ന് താടിയെല്ല് സ്ഥാനഭ്രംശം സംഭവിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞു. ബന്ധുവായ യുവതിയുടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇൻകല ദേവിയും കുടുംബാ​ഗങ്ങളും. ഇതിനിടെ, പാനിപൂരി കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ഇത്തരമൊരു പ്രശ്നമുണ്ടാകുന്നത്.

‘ദീദി പാനിപൂരി കഴിക്കാൻ വായ തുറന്നതായിരുന്നു. പക്ഷേ വായ അതേയവസ്ഥയിൽ തന്നെ ഇരിക്കുന്നതാണ് പിന്നെ കണ്ടത്. കുഴപ്പമില്ലായിരിക്കുമെന്നാണ് ഞങ്ങളാദ്യം കരുതിയത്. പക്ഷേ, വായ അടയാതിരുന്നപ്പോൾ ഞങ്ങൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി’- ബന്ധുവായ സാവിത്രി പറഞ്ഞു.

ജില്ലാ ജോയിന്റ് ആശുപത്രിയിലെ ഡോക്ടർമാരായ മനോജ് കുമാറും ശത്രുഘ്നൻ സിങ്ങും താടിയെല്ല് ശരിയാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇൻകല ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി ചിച്ചോളി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. യുവതിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അമിതമായി വായ തുറന്നതിനാൽ യുവതിയുടെ താടിയെല്ല് സ്ഥാനഭ്രംശം സംഭവിച്ചതാണെന്ന് ഡോക്ടർ ശത്രുഘ്നൻ സിങ് പറഞ്ഞു, ഭക്ഷണം കഴിക്കുമ്പോൾ അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ഒരു അവസ്ഥയാണിത്. താടിയെല്ലിൽ വേദന അനുഭവപ്പെടുകയോ വായ പൂർണമായും തുറക്കാനാവാതെ വരികയോ ചെയ്താൽ, ഒരിക്കലും ബലം പ്രയോഗിച്ച് തുറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും കഴിക്കുമ്പോൾ ശാന്തമായി കഴിക്കണം. താടിയെല്ലുകൾക്ക് പ്രശ്‌നമുള്ളവർ ഒരു ദന്ത ശസ്ത്രക്രിയാ വിദഗ്ദ്ധനെയോ സ്പെഷ്യലിസ്റ്റിനെയോ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു കേസ് തന്റെ ശ്രദ്ധയിൽപ്പെടുന്നത് ഇതാദ്യമാണെന്നും ഈയസ്ഥ വളരെ അപൂർവമാണെന്നും ഡോക്ടർ മനോജ് കുമാർ പ്രതികരിച്ചു. യുവതിയുടെ താടിയെല്ലിന്റെ സ്ഥാനം നേരെയാക്കാനും വായയുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും മെഡിക്കൽ കോളജ് കൂടുതൽ പരിചരണം നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒക്ടോബർ 18ന്, പാലക്കാട് ഒരു അതിഥി തൊഴിലാളിക്കും ഇതേയവസ്ഥയുണ്ടായിരുന്നു. ബംഗാൾ സ്വദേശി അതുൽ ബിശ്വാസിനാണ്, കോട്ടുവായ ഇട്ടതിനുശേഷം കീഴ്‌ത്താടി സ്ഥാനചലനം സംഭവിച്ച് വായ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായത്. തുടർന്ന്, പാലക്കാട് റെയിൽവേ ആശുപത്രി ഡിഎംഒ ഉടൻ വൈദ്യസഹായം നൽകുകയും യുവാവിന്റെ വായ നേരെയാക്കിക്കൊടുകയും ചെയ്തു.

ദിബ്രുഗഡ്‌– കന്യാകുമാരി വിവേക് എക്‌സ്‌പ്രസിൽ യാത്രചെയ്യുന്നതിനിടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് 27കാരന് പ്രതിസന്ധി നേരിട്ടത്‌. ഉടൻതന്നെ കൂടെയുണ്ടായിരുന്ന യാത്രക്കാരനൊപ്പം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അധികൃതരെ വിവരമറിയിച്ചു. ഡിഎംഒ ഡോ. ജിതിൻ ഉടൻതന്നെ വൈദ്യസഹായം നൽകുകയായിരുന്നു.

Related Articles

Back to top button