ആസിഡ് ഭർതൃവീട്ടുകാർ നിർബന്ധിച്ച് കുടിപ്പിച്ചു.. 17 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു..
ആസിഡ് അകത്ത് ചെന്ന് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാല ഖേഡ സ്വദേശി ഗുൽ ഫിസയാണ് മരിച്ചത്. യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതാണെന്നും ബലമായി ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. യുവതിയുടെ മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ശേഷം, ഭർതൃവീട്ടുകാർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു വർഷം മുമ്പാണ് ഗുൽ ഫിസ കാല ഖേഡ ഗ്രാമത്തിലേക്ക് വിവാഹിതയായി എത്തിയത്. പർവേസായിരുന്നു ഭർത്താവ്. അന്ന് മുതൽ മകളെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്നാണ് ഗുൽ ഫിസയുടെ പിതാവ് ഫുർഖാൻ ആരോപിക്കുന്നത്. ഓഗസ്റ്റ് 11 ന് ഗുൽ ഫിസയെ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇദ്ദേഹത്തിൻ്റെ പരാതിയിൽ പർവേസിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, ശാരീരിക അതിക്രമം അടക്കം കുറ്റങ്ങൾ ചുമത്തി ഇതിനോടകം കേസെടുത്തിട്ടുണ്ട്.