ജോലി കഴിഞ്ഞെത്തിയ ഭർത്താവ് അറിയുന്നത് ഭാര്യയുടെ പ്രണയത്തെ കുറിച്ച്.. രണ്ട് മക്കളുടെ മാതാവിനെ കയ്യോടെ കാമുകന് കെട്ടിച്ചുകൊടുത്ത് യുവാവ്.
ഭാര്യയുടെ അവിഹിത ബന്ധത്തെ കുറിച്ച് അറിഞ്ഞതോടെ യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം. ബബ്‍ലു എന്ന യുവാവാണ് ഭാര്യയുടെ പ്രണയം അറിഞ്ഞതോടെ അസാധാരണമായ തീരുമാനം എടുത്തത്. തന്റെ ഭാര്യ രാധികയെ ഇയാൾ യുവതിയുടെ കാമുകന് ആചാരപ്രകാരം തന്നെ വിവാഹം ചെയ്ത് നൽകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.കതർ ജോട്ട് ഗ്രാമവാസിയാണ് ബബ്‍ലു. 2017ലാണ് യുവാവ് ഗോരഖ്പൂർ സ്വദേശിനിയായ രാധികയെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് ആര്യൻ (7), ശിവാനി (2) എന്നീ രണ്ട് കുട്ടികളുണ്ട്. ജോലിയാവശ്യാർഥം ബബ്‍ലു പലപ്പോഴും ദൂരസ്ഥലങ്ങളിൽ പോകാറുണ്ട്. ഈ അവസരം മുതലെടുത്താണ് രാധിക പ്രദേശവാസിയായ വികാസുമായി ഇഷ്ടത്തിലായത്.

ബബ്‍ലു ഇതേക്കുറിച്ചറിഞ്ഞതോടെ അസാധാരണമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഉടൻ തന്നെ രാധികയെയും കൂട്ടി ധനഘ്ത തഹസിൽദാരുടെ അടുത്തേക്ക് പോയി സത്യവാങ്മൂലം തയ്യാറാക്കി. തുടർന്ന് ദാനീനാഥ് ശിവക്ഷേത്രത്തിൽ കാമുകൻ വികാസിനെയും വിളിച്ചുവരുത്തി നാട്ടുകാരുടെ സാന്നിധ്യത്തിൽ ചടങ്ങുകളോടെ വിവാഹം നടത്തി. ഇരുവരും പരസ്പരം വരണമാല്യം ചാർത്തി. ‘രണ്ട് മക്കളുടെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം, നിങ്ങൾ പോയി സന്തോഷത്തോടെ ജീവിച്ചു കൊള്ളൂ’ എന്ന് ബബ്‍ലു ഈ സമയം ഭാര്യയോട് പറയുന്നുമുണ്ട്.ചടങ്ങിനിടെ, തന്റെ നെറ്റിയിൽ വികാസ് സിന്ദൂരം ചാർത്തിയപ്പോൾ രാധിക കരഞ്ഞു. ഈ സമയത്ത് എന്തിനാണ് കരയുന്നതെന്നും നിങ്ങൾ വിവാഹിതരായതല്ലേ സന്തോഷിക്കൂ എന്നും കൂടിനിന്നവർ പറയുന്നുണ്ടായിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തുവരുന്നത്.



