ചര്‍മ്മത്തില്‍ കാണുന്ന ഈ സൂചനകള്‍ ശ്രദ്ധിച്ചോളൂ.. പ്രമേഹത്തിന്‍റെയാകാം…

രക്തത്തിലെ ​പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ചർമ്മം ഉൾപ്പെടെ ശരീരത്തിൻ്റെ പല ഭാഗങ്ങളെയും ബാധിക്കും.മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല. പ്രമേഹമുള്ളവരിൽ മൂന്നിലൊന്ന് ആളുകൾക്കും ചർമ്മത്തിലെ വ്രണങ്ങൾ അല്ലെങ്കിൽ കാലിലെ ചുണങ്ങു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വിദ​ഗ്ധർ പറയുന്നു. ചില ചർമ്മപ്രശ്നങ്ങൾ പലരും അവ​ഗണിക്കാറുണ്ട്. അത് പ്രമേഹത്തിന്റെ ലക്ഷണമാകാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.പ്രമേഹവുമായി ബന്ധപ്പെട്ട മിക്ക ചർമ്മപ്രശ്നങ്ങളും നേരത്തെ തിരിച്ചറിഞ്ഞാൽ അവ തടയാനോ എളുപ്പത്തിൽ ചികിത്സിക്കാനോ കഴിയും.എന്തൊക്കെയാണ് അവയെന്ന് നോക്കാം…

കഴുത്ത്, കക്ഷം, കൈകളുടെ പിൻഭാഗം എന്നിവയുടെ നിറവ്യത്യാസം പ്രമേഹത്തിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹരോഗികൾക്ക് യീസ്റ്റ് അണുബാധ ഉൾപ്പെടെയുള്ള ചർമ്മ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചൊറിച്ചിലും വരണ്ടതുമായ ചർമ്മം പ്രമേഹത്തിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു. പ്രമേഹം ചർമ്മത്തെ ബാധിക്കുകയും ത്വക്ക് വ്രണങ്ങൾ അല്ലെങ്കിൽ പ്രമേഹം ചുണങ്ങു ഉണ്ടാക്കുകയും ചെയ്യുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ് എന്നതിൻ്റെ സൂചനയാണ്.

ചർമ്മത്തിൽ കുമിളകൾ, വ്രണങ്ങൾ, ചർമ്മ പൊട്ടലുകൾ എന്നിവ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക. നഖത്തിലും കാലിലും കുമിളകൾ ഉണ്ടായാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചർമ്മത്തിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള തടിപ്പുകളും നിസാരമായി കാണേണ്ട. കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

പ്രമേഹത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍:

പതിവായി മൂത്രമൊഴിക്കുന്നത്, അമിത വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, കൈകളിലോ കൈകളിലോ മറ്റ് ഭാഗങ്ങളിലോ മരവിപ്പ്, വേദന തുടങ്ങിയവയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

Related Articles

Back to top button