‘ഉണ്ണികൃഷ്ണൻ പോറ്റി എവിടെയെന്ന് അറിയില്ല, ബന്ധുക്കളെ അറിയിച്ചില്ല’; കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായി…
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തതിൽ ആരോപണവുമായി അഭിഭാഷകൻ രംഗത്ത്. നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തതെന്ന് പോറ്റിയുടെ അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ എവിടേക്കാണ് കൊണ്ടുപോയതെന്നന്ന് ബന്ധുക്കളെയോ അഭിഭാഷകനെയോ അറിയിച്ചില്ല. നോട്ടീസ് പോലും നൽകാതെയാണ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി എവിടെ എന്ന് അറിയില്ല. ബന്ധുക്കളെ പോലും അറിയിക്കാതെയാണ് കസ്റ്റഡി. ഉണ്ണികൃഷ്ണൻ പോറ്റിയ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയോ വിവരം നൽകുകയോ ചെയ്യണമെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, നിയമവിരുദ്ധമായി പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും അഭിഭാഷകൻ ആരോപിച്ചു. നാളെ കോടതിയിൽ ഹാജരാക്കുമോയെന്ന് നോക്കുമെന്നും തുടര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.