‘പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷം’..
തൻറെ കലുങ്ക് ചർച്ചക്കെതിരായ പ്രചരണത്തിനെതിരെ സുരേഷ് ഗോപി. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കലുങ്ക് ചർച്ചകളിൽ ജനാധിപത്യത്തിൻറെ നൈർമല്യമുണ്ടെന്നും പ്രജ എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നമെന്നും പ്രജ എന്താണെന്ന് ആദ്യം പഠിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മിനിഞ്ഞാന്ന് പറഞ്ഞ കലുങ്ക് ചർച്ചയ്ക്ക് ‘സർജിക്കൽ സ്ട്രൈയ്ക്ക്’ ഉണ്ടാകും. കലുങ്ക് ചർച്ചകൾക്ക് വരുന്ന ജനങ്ങൾക്കെല്ലാം അത് ഗുണകരമാണ്. ജനസമ്പർക്കത്തിൻറെ നൈർമല്യം അതിനുണ്ട്. അവിടെയിരുന്ന് കേൾക്കുന്നവർക്കും അവരോട് സംസാരിക്കുന്നവർക്കും രാഷ്ട്രീയ ശുദ്ധിയും മനശുദ്ധിയും അനിവാര്യതയായിരുന്നു. അത് സംഭവിച്ചു തുടങ്ങിയതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. അതാണ് അവരുടെ വ്യാകുലത. ഒന്നിനെയും താൻ വെറുതെ വിടില്ല.
താൻ എല്ലാകാര്യവും തുറന്നുപറയുന്നയാളാണ്. കേരളത്തിൽ ഇപ്പോൾ ഒരു പ്രശ്നം ഉണ്ട്. എല്ലാം വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും സുരേഷ് ഗോപി പറഞ്ഞു. സി സദാനന്ദനെ എംപിയായി വിലസാൻ അനുവദിക്കില്ലെന്ന സിപിഎം നേതാവ് എംവി ജയരാജൻറെ പരാമർശനത്തിനും സുരേഷ് ഗോപി എംപി മറുപടി നൽകി. സി സദാനന്ദൻറെ പാർലമെൻറ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും കണ്ണൂരിലേക്ക് കയ്യെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. സി സദാനന്ദൻ എംപിയുടെ ഓഫീസ് ഉടൻ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിൽ സി സദാനന്ദൻ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.