പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു.. യുവാവിന്റെ ഭാര്യയ്ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു…
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചിമബംഗാള്‍ സ്വദേശിയുടെ ഭാര്യയ്ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊല്‍ക്കത്ത നിവാസിയായ ബിതന്‍ അധികാരിയുടെ ഭാര്യ സോഹേനി റോയ്ക്കാണ് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്. ബിതന്റെ മരണത്തിനുപിന്നാലെ ഭാര്യയുടെ പൗരത്വത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്.
ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചിലാണ് സൊഹെനി ജനിച്ചത്. 1997-ല്‍ ഇവര്‍ ഇന്ത്യയിലെത്തിയിരുന്നു. ബിതന്‍ അധികാരിയുമായുളള വിവാഹത്തിനുപിന്നാലെ തന്നെ അവര്‍ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍ പറഞ്ഞു.
‘സര്‍ക്കാര്‍ അവര്‍ നേരത്തെ നല്‍കിയ അപേക്ഷ സ്വീകരിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിതന്‍ അധികാരി കൊല്ലപ്പെട്ടു. പൗരത്വം നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ സൊഹേനിക്ക് പുതിയൊരു ജീവിതം നല്‍കിയിരിക്കുകയാണ്’- മന്ത്രി കൂട്ടിച്ചേര്‍ത്തു.