ആലപ്പുഴ എക്സ്പ്രസിൽ നിന്നും വേർപെടുത്തിയ കോച്ചിൽ സ്ത്രീ മരിച്ചനിലയിൽ

ആലപ്പുഴ എക്സ്പ്രസിൽ നിന്നും വേർപെടുത്തിയ കോച്ചിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കോച്ചിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. അമ്പത് വയസിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹത്തിന് ഏഴുദിവസത്തോളം പഴക്കമുണ്ട്. പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കായാണ് കോച്ച് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാർഡിലേക്ക് മാറ്റിയത്. കോച്ചിലെ ഫാൻ തകരാറിലായിരുന്നു. ഇതേതുടർന്ന് 10 ദിവസത്തിലേറെയായി നിർത്തിയിട്ടിരിക്കുകയായിരുന്നു. കോച്ചിൽ നിന്നു ദുർഗന്ധം വമിച്ചതോടെയാണ് പരിശോധന നടത്തിയത്. റെയിൽവേ ജീവനക്കാർ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി പരിശോധിക്കുകയായിരുന്നു.
ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുള്ള സ്ത്രീ, ഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പൊലീസ്. സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.



