അസാധാരണ മനക്കരുത്തോടെ തിരിച്ചുവന്ന ഉമ തോമസ്, വീണ്ടും തൃക്കാക്കരയിൽ പോരാട്ടത്തിനിറങ്ങുമോ?

സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സുരക്ഷിത മണ്ഡലങ്ങളിൽ ഒന്നായ തൃക്കാക്കരയിൽ ഉമ തോമസ് ഇക്കുറി വീണ്ടും മൽസരത്തിനിറങ്ങുമോ എന്ന ചോദ്യം പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാണ്.ഗുരുതര അപകടത്തെ അതിജീവിച്ച് തിരിച്ചെത്തിയ ഉമ മണ്ഡലത്തിൽ സജീവമാണ്. വീണ്ടും മൽസരിക്കുന്ന കാര്യത്തെ കുറിച്ച് ചോദിച്ചാൽ പാർട്ടി പറയട്ടെ എന്നാണ് ഉമയുടെ മറുപടി.
അപകട ശേഷമുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ അസാധാരണ മനക്കരുത്തോടെ മറികടന്ന ഉമ വീണ്ടും മത്സരത്തിനുളള തയാറെടുപ്പിലാണ്. എന്നാല്‍ ഉമയെ അനുനയിപ്പിച്ച് മത്സര രംഗത്തു നിന്ന് പിന്‍മാറ്റാനുളള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഉമ സ്വയം പിന്‍മാറിയാല്‍ മാത്രമാകും തൃക്കാക്കരയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് കോണ്‍ഗ്രസിന് ആലോചിക്കേണ്ടി വരിക.
അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ആദ്യ പരിഗണന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനാകും. കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് വെട്ടിനിരത്തപ്പെട്ട ദീപ്തിക്ക് ഉചിതമായ അംഗീകാരം നല്‍കണമെന്ന പൊതുവികാരം പാര്‍ട്ടി നേതൃതലത്തിലുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിന് നേതൃത്വം കൊടുത്ത ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ പേരും തൃക്കാക്കരയുമായി ബന്ധപ്പെടുത്തി ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ ഈ ചര്‍ച്ചകളിലേക്കൊക്കെ പാര്‍ട്ടിയ്ക്ക് കടക്കണമെങ്കില്‍ മല്‍സരരംഗത്തു നിന്ന് സ്വയം പിന്‍മാറാനുളള സന്നദ്ധത ഉമ തോമസ് പ്രകടിപ്പിക്കണമെന്നു മാത്രം.



