ബസ് ഫീസ് അടച്ചില്ല, യുകെജി വിദ്യാർത്ഥിയെ ബസ്സിൽ നിന്നിറക്കി വിട്ടു…

ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. മലപ്പുറം ചേലേമ്പ്ര എഎൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്കൂൾ വാഹനത്തിൽ കയറാൻ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസിൽ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ വഴിയിൽ വിട്ട് ബസ് പോവുകയായിരുന്നു.

രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് പിഞ്ചു ബാലനെ വഴിയിൽ നിർത്തി പോയത്. മറ്റ് വിദ്യാർഥികൾ ബസിൽ സ്‌കൂളിലേക്കു പോയതോടെ അഞ്ച് വയസുകാരൻ മടങ്ങി. ബസ് ഫീസ് ആയിരം രൂപ അടക്കാൻ വൈകിയതിനാണ് കുട്ടിക്ക് നേരെയുള്ള ക്രൂരത. അതേസമയം, സംഭവത്തിൽ പരാതിയുമായി സ്കൂളിലെത്തിയ അമ്മയോട് മാനേജരും മോശമായി പെരുമാറി. ഇത്തരക്കാരെ ടി.സി കൊടുത്ത് പറഞ്ഞു വിടണമെന്ന് സ്കൂൾ മാനേജർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നൽകി. മാനസിക പ്രയാസം കാരണം സ്‌കൂൾ തന്നെ ഉപേക്ഷിച്ച നിലയിലാണ് വിദ്യാർത്ഥിയുടെ കുടുംബം. ഇനി ആ സ്‌കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്ന് അമ്മ പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ പ്രതികരണം.

Related Articles

Back to top button