രണ്ടുകേസുകള്‍.. നൂറ് പവന്‍ സ്വര്‍ണം, 8 കോടി.. ആര്യാടന്‍ ഷൗക്കത്തിന്റെ സത്യവാങ്മൂലം…
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് എട്ടുകോടിയുടെ ആസ്തിയെന്ന് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപവിലമതിക്കുന്ന ജംഗമ ആസ്തിയുമുണ്ട്. രണ്ട് കേസുകളാണ് ഷൗക്കത്തിന്റെ പേരിലുള്ളത്. ഇവ രണ്ടും മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറുമായി ബന്ധപ്പെട്ടതാണ്. വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെയുള്ള കേസുകളാണ് ഇത്.പിവി അന്‍വറിനെ കൊല്ലാന്‍ ആര്യാടന്‍ ഷൗക്കത്തും കൂട്ടരും ഗൂഢാലോചന നടത്തിയെന്നതാണ് ആദ്യ കേസ്. പൂക്കോട്ടുംപാടം സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്‍വറിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തുകയും നിയമവിരുദ്ധമായി സംഘം ചേരുകയും ചെയ്തതിനാണ് ഷൗക്കത്തിനെതിരായ രണ്ടാമത്തെ കേസ്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസില്‍ ഷൗക്കത്ത് ഉള്‍പ്പെടെ 500 പേരാണ് പ്രതികൾ.