യുഡിഎഫ് യുവജനനേതാക്കള്‍ പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരുന്നു…
യുഡിഎഫിന്റെ യുവജന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരികയാണെന്ന് കെടി ജലീല്‍ എംഎല്‍എ. അപകടകരമായ രീതിയാണിത്, പണമുണ്ടായാല്‍ എന്തും ചെയ്യാമെന്ന ധിക്കാര മനോഭാവമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കാണിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ വീട് വെക്കാന്‍ പണം പിരിച്ചത് വിവാദമായി, യൂത്ത് ലീഗ് പണം പിരിച്ചാല്‍ പിന്നീട് നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്നതാണ് കാഴ്ച്ചയെന്നും ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി കെ ഫിറോസിനെതിരെയുള്ള ആരോപണവും ജലീല്‍ തുടര്‍ന്നു. മാസം 5.25 ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്ന് ആരോപിച്ച ജലീല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടു.
21-3-24 മുതല്‍ ഫിറോസ് ഈ ശമ്പളം വാങ്ങുന്നുണ്ട്, 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചു.
മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പികെ ഫിറോസ്, പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നത്. ദോത്തി ചലഞ്ച് എന്ന പേരില്‍ 200 രൂപ പോലും ഇല്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയത്, വന്‍തട്ടിപ്പാണ് ഇതിലൂടെ നടന്നത്. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകളെല്ലാം തരുന്നതെന്നും ജലീല്‍ പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ സമയത്ത് ഹൈക്കോടതി ജഡ്ജി ആയിരുന്നു സിറിയക് ജോസഫ്. സിറിയക് ജോസഫിനെ ലീഗ് നേതാക്കള്‍ സ്വാധീനിച്ചാണ് ബന്ധു നിയമനത്തില്‍ എനിക്കെതിരേ നടപടി എടുപ്പിച്ചത്. ലീഗ് നേതാക്കള്‍ സിറിയക് ജോസഫിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു.