കൂത്താട്ടുകുളം നഗരസഭയിൽ നാളെ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്.. സിപിഎം വിമത കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥി..
അവിശ്വാസ പ്രമേയത്തിലൂടെ എൽ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവിനെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയാണ് നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത്.
അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടുനിന്നിരുന്നു. എന്നാൽ 13 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെ എൽ ഡി എഫിന് ഭരണം നഷ്ടമാവുകയായിരുന്നു. എൽ ഡി എഫ് പക്ഷത്ത് നിന്ന് തെറ്റിപ്പിരിഞ്ഞ കലാ രാജു അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്ത് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു. കലാ രാജു വിപ്പ് ലംഘിച്ചുവെന്ന് എൽ ഡി എഫ് അംഗങ്ങൾ വാദിച്ചെങ്കിലും വാരണാധികാരി ഈ വാദം തള്ളി. കലാ രാജുവിന് പുറമെ സ്വതന്ത്ര അംഗവും അവിശ്വാസ വോട്ടെടുപ്പിൽ യു ഡി എഫിനെ അനുകൂലിച്ചിരുന്നു.