ആശാവർക്കർമാർക്ക് ആശ്വാസമാകാൻ യുഡിഎഫ്.. ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഓണറേറിയം വർധിപ്പിക്കാൻ ആലോചന..
യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടാൻ നീക്കം. രണ്ടായിരം രൂപ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുള്ള നിയമസാധ്യത പരിശോധിച്ച് യുഡിഎഫ് ഉടൻ തീരുമാനം പ്രഖ്യാപിക്കും. ആശാവർക്കർമാരുടെ സമര ആവശ്യങ്ങളോട് യോജിപ്പുണ്ടെങ്കിലും യോജിച്ചുള്ള സമരത്തിനില്ലെന്ന് ഐഎൻടിയുസി വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ഐഎൻടിയുസി മാർച്ച് നടത്തി.
ഓണറേറിയം കൂട്ടണമന്ന ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം 45 ദിവസം പിന്നിടുകയാണ്. മുഖം തിരിഞ്ഞുനിൽക്കുന്ന സർക്കാറിനെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് നീക്കം. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാമാരുടെ ഓണറേറിയം രണ്ടായിരം വെച്ച് കൂട്ടാനാണ് നീക്കം. തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കാനാകുമോ എന്നാണ് പരിശോധന. നിയമവശം പരിശോധിച്ച് ഉടൻ പ്രഖ്യാപിക്കും. നിലവിൽ യുഡിഎഫ് ഭരിക്കുന്ന തൃശൂർ പഴയന്നൂർ, പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്തുകൾ ആശാമർക്ക് വേതനം കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി തനത് ഫണ്ടിൽ നിന്ന് പണവും മാറ്റിവെച്ചു.