പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ പൊതുകിണറിന്റെ ഇരുമ്പ് ഗ്രില്ലിൽ ‘സിപിഎം’; യുഡിഎഫിന്റെ..

പഞ്ചായത്തിലെ പൊതു കിണറിന് മുകളിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലിൽ സിപിഎം എന്ന് ആലേഖനം ചെയ്തതിനെ ചൊല്ലി പ്രതിഷേധം. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് ‘കുടിവെള്ളത്തിലെ രാഷ്ട്രീയം കലർത്തൽ’ സംബന്ധിച്ച് പ്രതിഷേധങ്ങളുണ്ടായത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അഖ്ബറിന്റെ വാർഡിലാണ് വിവാദത്തിന് ആധാരമായ കിണർ സ്ഥിതി ചെയ്യുന്നത്. കിണറിന്റെ മുകൾ ഭാഗത്ത് സിപിഎം പ്രവർത്തകർ ചേർന്ന് സുരക്ഷക്കായി ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചിരുന്നു. ഇതിന്റെ മുകളിലാണ് സിപിഎം എന്ന് ആലേഖനം ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുഡിഎഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് ഇതുസംബന്ധിച്ച് ബഹളവും വാക്കൗട്ടുമെല്ലാം ഉണ്ടായത്. ചട്ട വിരുദ്ധമായി പൊതുകിണറിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് പതിപ്പിച്ച ശേഷം അനുവാദത്തിനായി കൗൺസിലിൽ അജണ്ട വെച്ചതിനെ യുഡിഎഫ് അംഗങ്ങൾ ഒന്നാകെ എതിർക്കുകയായിരുന്നു.
