ജോസ് കെ മാണിയുടെ വാർഡില്‍ യുഡിഎഫ്…കെ സുരേന്ദ്രന്‍റെ വാർഡില്‍ എല്‍ഡിഎഫ്…വിഡി സതീശന്‍റെ നാട്ടില്‍…

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഇന്ദിരാഭവനുള്ള ശാസ്തമംഗലത്ത് ബിജെപിയും സിപിഐഎമ്മിന്റെ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫും വിജയിച്ചു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ പല നേതാക്കളും പ്രതീക്ഷയോടെ കുടുംബവുമായി എത്തി വോട്ട് ചെയ്‌തെങ്കിലും സ്വന്തം വാര്‍ഡ് വിജയിക്കാന്‍ സാധിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്ക് സ്വന്തം വാര്‍ഡ് സ്വന്തമാക്കാനായില്ല. ജോസ് കെ മാണി വോട്ട് ചെയ്ത 22-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രജിത പ്രകാശാണ് വിജയിച്ചത്. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡിലാണ് എതിര്‍ പാര്‍ട്ടി വിജയിച്ചത് എന്നതാണ് ശ്രദ്ധേയം.




