യുഡിഎഫ് ചെയ്യാനുള്ളത് ചെയ്തു… ഇനി രാഷ്ട്രീയം സംസാരിക്കാം…. എൽഡിഎഫിന് വിഷയദാരിദ്ര്യമെന്ന് ലിജു

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി എം ലിജു. തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയമാണെന്ന് എം ലിജു പറഞ്ഞു. പാർട്ടി നടപടി എടുത്തു. അധിക്ഷേപ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഗൗരവം തിരിച്ചറിഞ്ഞ് താൻ ഖേദം പ്രകടിപ്പിച്ചുവെന്നും എം ലിജു പറഞ്ഞു.
മുൻപ് യുഡിഎഫ് വനിതാനേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായപ്പോ സിപിഎം എന്ത് നടപടി എടുത്തു?. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് ചർച്ചയാകേണ്ടത്. മണ്ഡലത്തിൽ എന്തൊക്കെ ചെയ്തു. ജനം എല്ലാം തിരിച്ചറിയും. സ്ത്രീ വിരുദ്ധ പരാമർശത്തിൽ യുഡിഎഫ് ചെയ്യാനുള്ളതെല്ലാം ചെയ്തു. വ്യക്തി അധിക്ഷേപത്തിൽ നിയമപരമായി മുന്നോട്ട് പോകട്ടെ. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാം. എൽഡിഎഫിന് വിഷയ ദാരിദ്ര്യമാണെന്നും എം ലിജു പറഞ്ഞു.
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ വിവാദ പരാമർശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപ് നടപടി എടുത്ത് അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ആലപ്പുഴ കളക്ടർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. അതേസമയം, അധിക്ഷേപ പരാമർശത്തിൽ നിയമ നടപടികളിലേക്ക് നീങ്ങുകയാണ് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ ഇന്ന് ഇലക്ഷൻ കമ്മീഷനും പൊലീസിലും പരാതി നൽകും.



