കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയത് യുഡിഎഫ്….എം.വി ഗോവിന്ദൻ…
ആലപ്പുഴ: കൂത്തുപറമ്പ് വെടിവെപ്പ് നടത്തിത് യുഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ ഭരണകാലത്താണ് സഖാക്കളെ കൊന്നതെന്നും യുഡിഎഫ് ആണ് അതിന് ഉത്തരവാദിയെന്നും ഗോവിന്ദൻ പ്രതികരിച്ചു.
റവാഡ ചന്ദ്രശേഖറിന്റെ നിയമനം കേന്ദ്ര തീരുമാനമാണെന്നും മെച്ചപ്പെട്ട ആളായത് കൊണ്ടാണ് എടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുക്കുന്നതിന് സർക്കാരിന്റേതായ മാനദണ്ഡങ്ങളുണ്ടാകുമെന്നും അതിന് പാർട്ടി ക്ലീൻ ചീറ്റ് നടൽകേണ്ടതില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
‘റാവഡ ചന്ദ്രശേഖർ കുറ്റക്കാരനല്ലെന്ന് ജുഡിഷ്യൽ കമ്മീഷൻ തന്നെ കണ്ടെത്തിയതാണ്. വെടിവെപ്പ് നടക്കുന്നതിന് രണ്ടുദിവസം മുമ്പാണ് റവാഡ ചുമതലയേറ്റത്. ആന്ധ്രക്കാരനായ ഉദ്യോഗസ്ഥന് അവിടുത്തെ ഭൂമിശാസ്ത്രവും രാഷ്ട്രീയ സാഹചര്യവും അറിയില്ല. ടി.ടി ആന്റണിയും, ഹക്കീം ബത്തേരിയുമാണ് വെടിവെപ്പ് നടത്തിയത്’ എന്ന് ഗോവിന്ദൻ പറഞ്ഞു. കോടതി റാവഡയെ കുറ്റവിമുക്തനാക്കിയതാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പി ജയരാജൻ എതിർപ്പ് അറിയിച്ചിട്ടില്ല. ജയരാജൻ ശരിയായ രീതിയിൽ തന്നെ പ്രതികരിച്ചതെന്നും ഗോവിന്ദൻ പ്രതികരിച്ചു. കെ.സി വേണുഗോപാൽ മറുപടി അർഹിക്കുന്നില്ലെന്നും വെറുതെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.