സണ്ണി ജോസഫിനോട് എനിക്കുള്ളത് പ്രേമം; ചോദിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല

കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ്. പേരാവൂരിൽ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം കൂടുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.രണ്ടുപേരും തിരക്കിലായതുകൊണ്ടാണ് കാണാൻ കഴിയാതെ പോയത്. ഇപ്പോൾ ഒട്ടും വൈകിയിട്ടില്ല. താൻ പൂർണമായി ഹാപ്പിയാണ്. സണ്ണി ജോസഫുമായി ഒരു തരത്തിലുള്ള പിണക്കവും ഇല്ല. ഇല്ലാത്ത കഥകൾ ഉണ്ടാക്കി വിളമ്പുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. താൻ രാഷ്ട്രീയത്തിൽ വന്ന ശേഷം ഏറ്റവും അടുത്ത് പെരുമാറിയ ആളാണ് സണ്ണി. സണ്ണിയോട് ചോദിക്കാതെ താൻ ഒന്നും ചെയ്തിട്ടില്ല. സണ്ണിയും അങ്ങനെയാണെന്നാണ് താൻ കരുതുന്നത്. പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചരണത്തിനെത്തുമെന്നും സണ്ണിയോട് തനിക്കുള്ളത് പ്രേമമാണെന്നും സുധാകരൻ പറഞ്ഞു.
സുധാകരൻ തന്റെ നേതാവാണെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം മന്ത്രിയായപ്പോൾ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെയാണ് ആ ചുമതല ഏൽപ്പിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ കെപിസിസി പ്രസിഡന്റ് ആക്കാൻ അദ്ദേഹത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരന്റെ പിന്തുണയാണ് തനിക്ക് എന്നും അദ്ദേഹത്തിൽ നിന്നും ലഭിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.



