‘ജനങ്ങളുടെ സർവേയിൽ യുഡിഎഫ് മുന്നിൽ’…. ശബരിമല സ്വർണ്ണക്കള്ളന്മാരെ പൂട്ടുമെന്ന് കെ.സി. വേണുഗോപാൽ

പത്തനംതിട്ട: കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും ജനങ്ങളുടെ സർവേയിൽ കോൺഗ്രസ് സഖ്യം ബഹുദൂരം മുന്നിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ പ്രചാരണാർത്ഥം പേരൂർച്ചാലിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സ്വര്‍ണം മോഷ്ടിച്ചവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും വിശ്വാസം സംരക്ഷിക്കുമെന്നും കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ കവാത്ത് മറക്കുന്ന എംഎൽഎ ആയിരുന്നു പ്രമോദ് നാരായണെന്ന് അദ്ദേഹം പരിഹസിച്ചു. സ്വർണ്ണക്കൊള്ള നടത്തിയ സഖാക്കളെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ അവരെ സംരക്ഷിക്കുകയാണ് എംഎൽഎ ചെയ്തതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
സിപിഐഎം നേതാക്കൾ ജയിലിലായിട്ടും അവർക്കെതിരെ കുറ്റപത്രം പോലും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. പിണറായി സർക്കാർ വീണ്ടും വരുന്നത് കാണാൻ കേരളീയർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന സർവേകളെ തള്ളിയ അദ്ദേഹം, ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് അവകാശപ്പെട്ടു.



