ചേലക്കരയുടെ ചുവപ്പുമാഞ്ഞില്ല…. യു ആർ പ്രദീപിന് മികച്ച വിജയം…..
ചേലക്കര ഇടതുകോട്ടയായി നിലനിർത്തി യു.ആർ. പ്രദീപ്. 12201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് വിജയിച്ചത്. സീറ്റ് നിലനിർത്തുക എന്നതിലുപരി ഇത്തവണ ചേലക്കരയിൽ സിപിഎമ്മിനും എൽഡിഎഫിനും ജീവൻ മരണ പോരാട്ടം തന്നെയായിരുന്നു. കാൽ നൂറ്റാണ്ടായി ചെങ്കൊടി നാട്ടിയിരുന്ന ചേലക്കരയിൽ ഇത്തവണയും സിപിഎം കരുത്ത് തെളിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതോൽവി ഒന്നിനും അവസാനമാകില്ലെന്ന് സിപിഎമ്മും എൽഡിഎഫും വീണ്ടും തെളിയിക്കുന്നു. എന്നാൽ ഇവിടെ ഒരു ചാഞ്ചാട്ടം ഉണ്ടായിരുന്നുവെങ്കിൽ അത് സിപിഎമ്മിനെ വല്ലാതെ ഉലയ്ക്കുമായിരുന്നു.
പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല.
ഇപ്പോൾ ലഭിച്ചിട്ടുള്ള കണക്കുപ്രകാരം 64,259 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസിന് 52137 വോട്ടുകൾ ലഭിച്ചു. ചേലക്കരയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ 33354 വോട്ടുകൾ നേടിയിട്ടുണ്ട്. പി വി അൻവറിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ എൻ കെയ്ക്ക് 3909 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്.
ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ബാലകൃഷ്ണനിലൂടെ ബിജെപിക്ക് മണ്ഡലത്തില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 24,045 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാൻ കഴിഞ്ഞിരുന്നത്.
2016ല്‍ മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താൻ കഴിഞ്ഞത് യു ആര്‍ പ്രദീപിനും നേട്ടമാണ്. 2016ല്‍ 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 2021ല്‍ കെ രാധാകൃഷ്ണൻ എത്തിയതോടെ ഭൂരിപക്ഷം 39,400 ആക്കി ഉയര്‍ത്താൻ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ചേലക്കര വിജയിച്ചതോടെ ഭരണവിരുദ്ധ വികാരമില്ല എന്നുള്ള പ്രതികരണങ്ങളാണ് എല്‍ഡിഎഫ് നേതാക്കളില്‍ നിന്ന് വരുന്നത്.
വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സമ്മേളനങ്ങളില്‍ അത് കൂടുതല്‍ കരുത്ത് പകരും. ചേലക്കരയില്‍ തമ്പടിച്ച് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. തൃശൂര്‍ പൂരം കലക്കല്‍ കരുവന്നൂര്‍ വിവാദം അടക്കം കടുത്ത വിവാദങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എല്‍ഡിഎഫ് ഈ വിജയം നെയ്തെടുത്തത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിന്റെ ശക്തി വിളിച്ചോതുന്നു ഈ വിജയം. 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത് കൂടിയാണ് ഈ വിജയം.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം ഇതാദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുന്നത്. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ സിപിഎം ആലത്തൂരില്‍ മത്സരിപ്പിച്ചത് തന്നെ കൈവിട്ട കോട്ട തിരിച്ചുപിടിക്കാനായിരുന്നു. ഒന്നര ലക്ഷം വോട്ടിന് പി.കെ ബിജുവിനെ തോല്‍പിച്ച് രമ്യ ഹരിദാസ് പിടിച്ചെടുത്ത മണ്ഡലം 20,000 വോട്ടിന് രാധാകൃഷ്ണന്‍ തിരിച്ചുപിടിച്ചു. ഒരു കോട്ട തിരിച്ചുപിടിക്കുമ്പോള്‍ കൈയിലുണ്ടായിരുന്ന കോട്ട കൈവിട്ടാല്‍ അത് വലിയ ക്ഷീണമാകുമായിരുന്നു. യു.ആര്‍ പ്രദീപ് പാര്‍ട്ടിയുടെ വിശ്വാസം കാത്തു. പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും എല്‍ഡിഎഫിന്റെ പ്ലസ് പോയിന്റുകളായിരുന്നു.
ആലപ്പുഴയില്‍ ആരിഫിനോട് തോറ്റപ്പോഴാണ് ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് പകരം ആരിഫിന്റെ അരൂര്‍ കോട്ടയില്‍ നിര്‍ത്തിയതും അത് പിടിച്ചെടുത്തതും. അത് ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ നിര്‍ത്തിയത്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടും ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാനായി എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ചേലക്കര നല്‍കിയത് തിരിച്ചടി തന്നെ. 39,400 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം രാധാകൃഷ്ണന് സമ്മാനിച്ച ചേലക്കര 2016 ല്‍ പിണറായി തരംഗത്തിലും പ്രദീപിന് 10,200 ഭൂരിപക്ഷം നേടിക്കൊടുത്തു.
ഇത്തവണ ഭൂരിപക്ഷത്തില്‍ വലിയ ചോര്‍ച്ചയുണ്ടായത് സിപിഎമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. എല്ലാം ശരിയായില്ല എന്ന മുന്നറിയിപ്പും അതില്‍ വായിച്ചെടുക്കാം. ചേലക്കരയിലെ ഒറ്റ വിജയം മതി സിപിഎമ്മിനും എല്‍ഡിഎഫിനും അത് നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ നിരാശ ഇവിടെ തീരുന്നു. അടിത്തറ ഭദ്രമാക്കി സിപിഎം വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പിനും 2026 ലേക്കും കോപ്പുകൂട്ടുന്നു. ഇതുവരെ പ്രയോഗിച്ച തന്ത്രങ്ങളൊന്നും മതിയാകില്ല. പ്രസ്താവനകളിലൂടെയോ പി.ആറിലൂടെയോ സിപിഎം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയേയും അതിന്റെ സംഘടാസംവിധാനത്തേയും എല്‍ഡിഎഫിനേയും തോല്‍പിക്കാനാകില്ല എന്ന് സതീശനും സുധാകരനും യുഡിഎഫിനും ഈ ഫലം സൂചന നല്‍കുന്നു.
കെ. കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസിന്റെ നെടുങ്കോട്ടയായിരുന്നു തൃശൂര്‍ ജില്ല. ആ വോട്ട് ബാങ്ക് തകര്‍ന്നു. യുഡിഎഫിന്റെ കുത്തക സീറ്റുകളെല്ലാം എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് തവണയായി 13 മണ്ഡലങ്ങളുള്ള ജില്ലയില്‍ നിന്ന് യുഡിഎഫിന് ആകെ ജയിക്കാനായത് ഒരൊറ്റ സീറ്റ് മാത്രമാണ്. 2016 ല്‍ വടക്കാഞ്ചേരി 43 വോട്ടിനും കഴിഞ്ഞ തവണ ചാലക്കുടി 1000 വോട്ടിനും. ഗ്രൂപ്പ് പോരില്‍ തകര്‍ന്നതാണ് അടിത്തറ. അവിടെയാണ് ലോക്സഭയില്‍ തൃശൂര്‍ ബിജെപിയിലേക്ക് ചാഞ്ഞതും യുഡിഎഫ് മൂന്നാമതായതും. തോല്‍വിക്ക് പിന്നാലെ ഡിസിസി ഓഫീസില്‍ നടന്ന അടിയും പ്രസിഡന്റ് രാജിയും എല്ലാം നടന്നിട്ട് അധികകാലമായിട്ടില്ല. പാളയത്തിലെ പടയും തമ്മിലടിയുമായി സിപിഎമ്മിനോട് മുട്ടി 2026 ല്‍ അധികാരം പിടിക്കുക എളുപ്പമല്ല എന്ന പാഠം ചേലക്കര യുഡിഎഫിന് നല്‍കുന്നുണ്ട്.