മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.. പാര്‍ട്ടി നല്‍കിയത് വലിയ പിന്തുണ.. വിശദീകരണവുമായി യു പ്രതിഭ….

മകനെതിരായ കഞ്ചാവ് കേസില്‍ വീണ്ടും വിശദീകരണവുമായി യു. പ്രതിഭ എംഎല്‍എ. നടന്നത് തനിക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്ന് പ്രതിഭ പറഞ്ഞു. മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എക്‌സൈസിന് മേല്‍ മാധ്യമങ്ങള്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രതിഭ എംഎല്‍എ പറഞ്ഞു. തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വാക്കുകള്‍ അടര്‍ത്തി മാറ്റി മറ്റൊരു ക്യാമ്പയിനാക്കിയെന്നും പ്രതിഭ കുറ്റപ്പെടുത്തി.. ചില മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെ വാര്‍ത്ത നല്‍കി. മകന്റെ ലഹരിക്കേസിലില്‍ പാര്‍ട്ടിയെ ആരും വലിച്ചിഴയ്‌ക്കേണ്ട. വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്നും പ്രതിഭ പറഞ്ഞു.

പൊതു സമൂഹത്തിന്റെ ഭാഗമാണ് നാമെല്ലാം. അതിന്റെ എല്ലാ നന്മയുടേയും തിന്മയുടേയും ഭാഗമാണ് എന്റെ മകന്‍ അടക്കം ഇവിടുത്തെ ചെറുപ്പക്കാരുടെ സമൂഹം. സ്വാഭാവികമായും എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതു പറഞ്ഞു തിരുത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം എനിക്ക് ഉണ്ടെന്ന ബോധ്യമുള്ളപ്പോള്‍ തന്നെ, അവന്‍ ചെയ്യാത്ത കാര്യം വലിയ ഹൈലറ്റായി കാണിച്ചു. ഒരിക്കലും ഇല്ലാത്ത കാര്യം ആ മാധ്യമങ്ങള്‍ നല്‍കിയതാണ് അമ്മ എന്ന നിലയില്‍ തന്നെ ചൊടിപ്പിച്ചത്.മകനെതിരായ വാര്‍ത്ത വ്യാജമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിഭ വിശദീകരിക്കുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് താന്‍ പോകുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു. ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നേരത്തെ പ്രതിഭയെ സ്വാഗതം ചെയ്തിരുന്നു.

Related Articles

Back to top button