ചാനൽ ഓഫീസിന് എതിരായ പ്രതിഷേധ മാർച്ചിൽ അക്രമം.. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ..

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായ അക്രമങ്ങളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരത്തെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മിഥുന്‍ മോഹനെ പൊലീസ് പിടികൂടിയത്. തൃശൂരിലെ തേക്കിന്‍കാട് നിന്നാണ് വിഷ്ണു ചന്ദ്രനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. പ്രതിഷേധം നയിച്ച തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ് വില്‍വട്ടം, മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ ദേവ്, അമല്‍ ജയിംസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

റിപ്പോര്‍ട്ടര്‍ ടിവിയിലെ വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്തതിലാണ് പ്രതിഷധ പ്രകടനം നടത്തിയത് എന്നാണ് സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാര്‍ത്തകള്‍ നല്‍കിയതാണ് അക്രമത്തിന് കാരണമെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റിന്റെ നിലപാട്. വെള്ളിയാഴ്ച രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button