ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും പ്രവേശനം ഇല്ല…ദേശീയപാത 66 ല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി..

കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത 66ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം വ്യക്തമാകുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിച്ച് തുടങ്ങി. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ ദേശീയ പാത ഉപയോഗിക്കരുത് എന്നാണ് സൂചന ബോർഡുകൾ പറയുന്നത്.

രാജ്യത്തെ അതിവേഗ പാതകളില്‍ നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഇതേ സാഹചര്യമാണ് ദേശീയ പാത 66 ലും ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ദേശീയ പാതയില്‍ വിലക്കുള്ള വാഹനങ്ങള്‍ സര്‍വീസ് റോഡ് ഉപയോഗിക്കേണ്ടിവരും.

അതേസമയം, കേരളത്തില്‍ ദേശീയ പാത അറുപത് മീറ്ററില്‍ നിന്നും 45 മീറ്ററായി ചുരുക്കി നിര്‍മിച്ചപ്പോള്‍ സര്‍വീസ് റോഡുകളും പാതകള്‍ക്കിടയിലെ പ്രദേശവുമാണ് ചുരുങ്ങിയത്. ഇതിനൊപ്പം നിയന്ത്രണം കൂടി നടപ്പാകുന്ന സാഹചര്യത്തില്‍ സര്‍വീസ് റോഡുകളില്‍ തിരക്ക് വര്‍ധിച്ചേക്കും എന്നാണ് വിലയിരുത്തല്‍.

19 സ്ട്രെച്ചുകളായാണ് കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 66 ന്റെ നിര്‍മാണം പുരോഗമിക്കുന്നത്. തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചുകളില്‍ മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവിടങ്ങളിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 400 മേല്‍പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടുന്ന കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി സിഗ്നലുകളില്ലാതെയാണ് നിര്‍മിക്കുന്നത്.

Related Articles

Back to top button