മൂന്നാർ കാണാനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവർമാർ അറസ്റ്റിൽ

മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി സാമൂഹികമാധ്യമത്തിൽ പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു.

മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവമായിരുന്നു യുവതി വീഡിയോയിൽ പങ്കുവച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.

Related Articles

Back to top button