നിലമ്പൂർ – കോട്ടയം എക്‌സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി
നിലമ്പൂർ-കോട്ടയം എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) രണ്ട് കോച്ചുകൾ കൂട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. നിലവിലെ 12-ൽനിന്ന് 14 കോച്ചുകളായാണ് വർധിപ്പിച്ചത്. ലോക്സഭയിൽ ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയിൽവേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
2025 മേയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്. രാവിലെ 5.15 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.30 ന് നിലമ്പൂരിലെത്തും. വൈകീട്ട് 3.15 ന് ആണ് തിരിച്ച് സർവീസ്. 9.50 ന് കോട്ടയത്തെത്തും.