കടവിലിരുന്ന് ഭക്ഷണംകഴിച്ച ശേഷം കുളിക്കാനിറങ്ങി.. മീനച്ചിലാറ്റിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു..

കോട്ടയം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂര്‍ കടവിലാണ് അപകടം. കാഞ്ഞിരമറ്റം കണ്ടത്തിന്‍കരയില്‍ സാബുവിന്റെ മകന്‍ ജിസ് സാബു (31), കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (30) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. പാലാ ചോളമണ്ഡലം ഫിനാന്‍സിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാന്‍ ആറിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ഇവര്‍ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാലായില്‍നിന്നു അഗ്നിരക്ഷാസേനയും പോലീസും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അഗ്നിരക്ഷാസേനാ സംഘമാണ് യുവാക്കളെ കരയ്ക്കെത്തിച്ചത്. കൃത്രിമശ്വാസം നല്‍കിയെങ്കിലും ഇരുവര്‍ക്കും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബിബിന്റെ അമ്മ: ബിന്ദു. സഹോദരന്‍: ബിനീഷ് (ബോബന്‍). ജിസിന്റെ അമ്മ: അജി. സഹോദരി: ജീന.

Related Articles

Back to top button