പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി.. 2 പേർ പിടിയിൽ…
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി വിയ്യത്ത് വീട്ടില്‍ സെമീം (20), കരുവന്നൂര്‍ പുത്തന്‍തോട് സ്വദേശി പേയില്‍ വീട്ടില്‍ അഭിജിത്ത് (21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര സ്വദേശിയായ 15കാരനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
തന്റെ സുഹൃത്തുക്കളോട് പ്രതികളുമായി സൗഹൃദത്തിലേര്‍പ്പെടരുതെന്ന് 15കാരൻ വിലക്കിയതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.തൃപ്രയാറിലെ കടയില്‍ സാധനങ്ങള്‍ വാങ്ങി നില്‍ക്കുമ്പോഴാണ് 15കാരനെ തട്ടിക്കൊണ്ടുപോയത്. കടയില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി ബലം പ്രയോഗിച്ച് മോട്ടോര്‍സൈക്കിളില്‍ കയറ്റി തൃപ്രയാര്‍ മേല്‍പ്പാലത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മോട്ടോര്‍സൈക്കിളില്‍ വച്ചും പാലത്തിനു മുകളില്‍ എത്തിച്ചും കൈകൊണ്ടും കല്ല് കൊണ്ടും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ പരാതിക്കാരനായ കുട്ടിയെയും അച്ഛനെയും അമ്മയെയും വീട്ടില്‍ക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.