കായംകുളത്തുകാരി ഉമയമ്മയെ രണ്ടു പെണ്മക്കൾക്കും വേണ്ട…ഒടുവിൽ തണലായി ഗാന്ധിഭവൻ

കായംകുളം : മക്കൾക്ക് വേണ്ടാത്ത അമ്മയ്ക്ക് ഇനി ഗാന്ധിഭവൻ തണലേകും. ചേരാവള്ളി വീരശ്ശേരി കിഴക്കത്തിൽ ഉമയമ്മ (57)യുടെ സംരക്ഷണമാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. ഉമയമ്മയ്ക്ക് രണ്ട് പെൺമക്കളാണ്. ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റ്‌ മൂത്ത മകളുടെ വിവാഹം നടത്തിയത്.ഭർത്താവിൻ്റെ മരണശേഷം ഹോട്ടലിലും കാറ്ററിങ് സർവീസുകളിലും പാചക ജോലിയും മറ്റും ചെയ്തു ഇളയ മകളുടെ വിവാഹവും ഇവർ നടത്തി.

ഒരു വർഷം മുമ്പ് ഉമയമ്മയ്ക്ക് പക്ഷാഘാതമുണ്ടായി. തുടർന്ന്, നടക്കാൻ പോലും പ്രയാസപ്പെട്ട അവസ്ഥയിലായ ഉമയമ്മ വലിയ ദുരിതത്തിലായിരുന്നു. കുലശേഖരപുരം ആദിനാട്ടുളള മൂത്തമകളോടൊപ്പമാണ് കുറച്ചു നാളായി താമസിച്ചു വന്നിരുന്നത്. അവിടെ നിന്നു മൂത്തമകൾ ഉമയമ്മയെ കഴിഞ്ഞദിവസം മുതുകുളം ചൂളത്തെരുവിലുളള ഇളയ മകളുടെ അടുത്തുകൊണ്ടുവിടാനായി വന്നു. എന്നാൽ, ഇളയ മകളും കുടുംബവും ഇവരെ വീട്ടിൽ കയറ്റാൻ കൂട്ടാക്കിയില്ല.

തുടർന്ന്, കനകക്കുന്ന് പോലീസ് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും രണ്ടു മക്കളും അമ്മയെ ഏറ്റെടുക്കാതെ കൈയ്യൊഴിഞ്ഞു. പൊലീസ് ഗാന്ധിഭവനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദേശാനുസരണം ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷെമീർ, സാമൂഹിക പ്രവർത്തകനായ ഷംനാദ് വന്ദികപ്പള്ളി എന്നിവർ സ്റ്റേഷനിലെത്തിയാണ് ഉമയമ്മയെ ഏറ്റെടുത്തത്. എസ്‌ഐ ശിവദാസമേനോൻ, എഎസ്‌ഐമാരായ സനൽ കുമാർ, സുരേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉമയമ്മയെ കൊണ്ടുപോയത്.

Related Articles

Back to top button