ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ട് എഫ്ഐആർ.. ഉണ്ണിക്കൃഷ്ണൻ പോറ്റി അടക്കം പത്ത് പ്രതികൾ…
ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ട് എഫ്ഐആർ എടുത്ത് ക്രൈംബ്രാഞ്ച്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് രണ്ടുകേസുകൾ എടുത്തത്. ദ്വാരപാലകശിൽപ്പ പാളി, കട്ടിള എന്നിവയിൽ നിന്നും സ്വർണം കവർന്നതിന് വെവ്വേറെ കേസുകളാണ് എടുത്തിരിക്കുന്നത്. ദ്വാരപാലകശിൽപ്പ പാളി കേസിൽ 10 പ്രതികളും കട്ടിള കേസിൽ 8 പ്രതികളുമാണ് ഉള്ളത്. സ്മാർട്ട് ക്രിയേഷൻസ് നിലവിൽ പ്രതിയല്ല. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്.
ഒടുവിൽ സ്വർണ്ണക്കൊള്ളയിൽ കേസായി. രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ദ്വാരപാലക ശില്പപ്പാളി, കട്ടിള എന്നിവയിൽ നിന്ന് സ്വർണ്ണം കവർന്നതിനാണ് വെവ്വേറെ കേസുകൾ. ആദ്യ എഫ്ഐആറിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അടക്കം പത്ത് പ്രതികളാണ് ഉള്ളത്. കട്ടിളയിലെ സ്വർണ്ണം കവർന്നതിലെ എഫ്ഐആറിൽ എട്ട് പ്രതികൾ. കവർച്ച, വിശ്വാസ വഞ്ചന ഗൂഡാലോചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്. പോറ്റിയെയും ഉദ്യോഗസ്ഥരെയും തള്ളിയാണ് ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ പ്രതികരണം. അതേസമയം, ബോർഡ് അംഗങ്ങൾ, അതിന് മുകളിലുള്ള ഭരണനേതൃത്വം എന്നിവരിലേക്ക് കൂടി അന്വേഷണം നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. പോറ്റിയും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ ഇത്രയേറെ സ്വർണ്ണം കടത്താനാകില്ല.
അതിനിടെ കാണാതായ സ്വർണ്ണത്തിൻ്റെ വ്യാപ്തി ഇനിയും കൂടും എന്നാണ് വിവരം. ദേവസ്വം വിജലിൻസിൻറെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണ്ണം അഥവാ 124 പവനാണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്. എന്നാൽ 98ൽ യുബി ഗ്രൂപ്പ് നൽകിയതിൽ ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർണ്ണം. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം മാത്രം. ബാക്കി ഒരു കിലോയോളം സ്വർണ്ണം എവിടെ അപ്രത്യക്ഷമായി. ഇതിന് പുറമെ വശങ്ങളിലെ 7 പാളികൾ ഉരുക്കിവേർതിരിച്ചപ്പോൾ 409 ഗ്രാം സ്വർണ്ണം കിട്ടിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വാദം. 98ൽ പാളികൾ പൊതിയാൻ എത്ര സ്വർണ്ണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല.ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയലധികം സ്വർണ്ണം വേണം. പക്ഷെ അന്തിമ റിപ്പോർട്ടിൽ പറയുന്നത് അര കിലോയിൽ താഴെ സ്വർണ്ണം മാത്രമെന്ന്. അപ്രത്യക്ഷമായ കൂടുതൽ സ്വർണ്ണം കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ മുന്നിലെ വെല്ലുവിളി. മാറ്റിയോ എന്നതലിടക്കം ശാസ്ത്രീയ പരിശോധന കൂടി വേണ്ടിവരും.