വാക്കേറ്റത്തെത്തുടർന്ന് മർദ്ദനവും കത്തിക്കുത്തും.. രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

ഓട്ടോ ഡ്രൈവർമാരുമായി വാക്കേറ്റത്തെത്തുടർന്ന് മർദ്ദനവും കത്തിക്കുത്തും. പാപനാശത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു. ആൽത്തറമൂട് ജങ്ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. വക്കം സ്വദേശിയും യുകെയിൽ താമസക്കാരനുമായ സുരേഷ് ആണ് ഓട്ടോ ഡ്രൈവർമാരെ കുത്തി പരിക്കേൽപ്പിച്ചത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് കുത്തേറ്റത്. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ചികിത്സക്ക് ശേഷം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
യു.കെയിൽ താമസക്കാരനായ സുരേഷ് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആൽത്തറമൂട് ജങ്ഷനിൽ എത്തുകയും ഓട്ടോ ഡ്രൈവർമാരുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. സന്ദീപിന് ഇയാളുടെ മർദനമേറ്റു. അക്രമിയെ പിടിച്ചു മാറ്റുന്നതിൽനിടയിൽ സുരേഷിന്റെ നെഞ്ചിൽ കുത്തേറ്റു.
നാട്ടുകാർ വർക്കല പോലീസിൽ അറിയിക്കുകയും തുടർന്ന് ടൂറിസം പൊലീസും വർക്കല പൊലീസും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.




