രണ്ടര വയസുള്ള കുഞ്ഞ് കിണറ്റില്‍ വീണു.. പിന്നാലെ എടുത്ത് ചാടി പിതാവ്.. ഒപ്പം അയൽവാസിയും…
കിണറ്റില്‍ വീണ രണ്ടര വയസുള്ള കുഞ്ഞിനേയും പിതാവിനേയും രക്ഷപ്പെടുത്തി അയല്‍വാസി. കോട്ടയം മാഞ്ഞൂരില്‍ ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. സിറില്‍ എന്നയാളും രണ്ടര വയസുള്ള മകളുമാണ് കിണറ്റില്‍ വീണത്.പാലക്കാട് സ്വദേശിയായ സിറില്‍ എന്നയാള്‍ വീട് വാങ്ങുന്നതിന് വേണ്ടിയാണ് രണ്ടര വയസുള്ള മകളുമായി കോട്ടയം മാഞ്ഞൂര്‍ ഇരവിമംഗലത്തേയ്ക്ക് എത്തുന്നത്. ഇരവിമംഗലത്ത് ബെന്നി എന്നയാളുടെ വീട് വാങ്ങുന്നതിന് വേണ്ടിയാണ് എത്തിയത്. വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന മകള്‍ കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടി വീണത് കണ്ടയുടന്‍ പിതാവും കിണറ്റിലേയ്ക്ക് ചാടി. അയല്‍വാസിയായ തോമസ് കുട്ടി എന്നയാള്‍ കുട്ടിയെ ആദ്യം കൈകളില്‍ എടുക്കുകയും പിതാവിനെ ഒരു പൈപ്പിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു. മുക്കാല്‍ മണിക്കൂറോളം ഈ നിലയില്‍ മൂന്ന് പേരും കിണറ്റില്‍ കഴിഞ്ഞു. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇവരെ മുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞത്. രണ്ട് പേരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.


