ആലപ്പുഴയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ചും, കാറുകൾ കൂട്ടിയിടിച്ചും രണ്ടിടത്ത് അപകടം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊമ്മാടി അടിപ്പാതയ്ക്ക് സമീപം ടിപ്പർ ലോറിയുടെ ടയറുകൾ ഊരിത്തെറിച്ചും, കളർകോട് ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുമാണ് അപകടങ്ങൾ ഉണ്ടായത്. ഇന്ന് രാവിലെ 10. 30-ഓടെ കൊമ്മാടി അടിപ്പാതയ്ക്ക് സമീപമായിരുന്നു ആദ്യത്തെ അപകടം. എം-സാൻഡ് കയറ്റി പറവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി വലതുവശത്തെ റോഡിലേക്ക് തിരിക്കാൻ ശ്രമിക്കവെ ആക്സിൽ ഒടിഞ്ഞ് രണ്ട് ചക്രങ്ങൾ ഊരിത്തെറിക്കുകയായിരുന്നു.
ഈ സമയം മുഹമ്മ സ്വദേശി മനോജും, ഭാര്യ അഞ്ജലിയും സഞ്ചരിച്ചിരുന്ന കാർ സമീപത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ടയറുകൾ പാഞ്ഞടുക്കുന്നത് ദൂരെ നിന്ന് കണ്ട മനോജ് സമയോചിതമായി കാർ മാറ്റാൻ ശ്രമിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. എങ്കിലും ടയറുകൾ കാറിലിടിച്ച് എൻജിനും ബംപറും തകർന്നു. ഏറെനേരം ലോറി റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് കാരണമായി. ഹൈവേ ബീക്കൻ പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
കളർകോട് ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. പകൽ 11.45-ഓടെയായിരുന്നു സംഭവം. റിലയൻസ് മാളിലേക്ക് പോകാനായി ബൈപാസിലേക്ക് കയറിയ തലവടി സ്വദേശി ഗോപിയുടെ കാറിൽ ചേർത്തല ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഗോപിയും, മകളും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.




