ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍

കൂടെ നിന്നവരെ ഒറ്റുകൊടുക്കുക, നിന്നനില്‍പ്പില്‍ ചതിക്കുക. പറയുന്നത് ട്രംപിനെക്കുറിച്ചാണ്. വിമര്‍ശിക്കുന്നത് അടുത്തകാലം വരെ അമേരിക്കയുടെ ഒക്കച്ചങ്ങാതിമരായ കുര്‍ദ് യോദ്ധാക്കളാണ്. യുഎസിനുവേണ്ടി ഐ എസിനെ തകര്‍ത്ത അതേ കുര്‍ദ് യോദ്ധാക്കള്‍. ട്രംപിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുതെന്നാണ് അവര്‍ പറയുന്നത്.
2013 -19 കാലത്ത് ലോകത്തെ വിറപ്പിച്ച ഭീകരസംഘടനയായിരുന്നു ഇസ്‌ലാമിക് സ്‌റ്റേറ്റ് അഥവാ ഐ എസ്. നിരപരാധികളെ കഴുത്തറുത്തു കൊല്ലുക, അതിന്റെ വീഡിയോ പ്രചരിപ്പിക്കുക, ചാവേര്‍സ്‌ഫോടനം നടത്തുക, കൂട്ടക്കരുതികള്‍ നടത്തുക. അങ്ങനെ പലതുമായിരുന്നു ഐഎസിന്റെ വിനോദം. അന്ന് ലോകം ഉറ്റുനോക്കിയത് ഈ കുര്‍ദ് യോദ്ധാക്കളെയാണ്. അവരാണ് ഐ എസിനെ തച്ചുതകര്‍ത്തത്. അന്നവര്‍ക്ക് പിന്തുണ അമേരിക്കയായിരുന്നു. ഇന്ന് അതേ അമേരിക്ക തങ്ങളെ കൊലയ്ക്ക് കൊടുക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. ട്രംപിന്റെ പുതിയ സിറിയന്‍ നയമാണ് അവരുടെ മരണമണിയായത്. അമേരിക്ക ഇപ്പോള്‍ ഇവരുടെ ശത്രുക്കള്‍ക്കൊപ്പമാണ്. ഒരിക്കല്‍, അമേരിക്കയ്‌ക്കൊപ്പം പൊരുതിയ ഈ മനുഷ്യരെ ഇന്ന് വേട്ടയാടുന്നത് യുഎസ് ആയുധങ്ങള്‍ ഉപയോഗിച്ചാണ്. അവരെ നയിക്കുന്നതോ, മുമ്പ് ഐ എസുമായി ബന്ധമുണ്ടായിരുന്ന സിറിയന്‍ നേതൃത്വവും.
2013–ലാണ് സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ ഐ എസ് ഭീകരത തുടങ്ങുന്നത്. ആ പ്രദേശം ഐ എസ് പിടിച്ചെടുത്തു. ക്രൂരതയുടെ ‘ഖിലാഫത്ത്’ ഉണ്ടാക്കി. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഭീകരരെ റിക്രൂട്ട്‌ചെയ്തു. അരുംകൊലകളിലൂടെ ലോകത്തെ വിറപ്പിച്ചു. ഐ എസിനെ തകര്‍ക്കേണ്ടത് ലോകത്തിന്റെ ആവശ്യമായി മാറി. അമേരിക്ക, അതിനുള്ള വഴി തേടി. അതെത്തി നിന്നത് കുര്‍ദ് യോദ്ധാക്കളിലാണ്. അമേരിക്ക അവരുമായി സഖ്യമുണ്ടാക്കി. 2014-ല്‍ കുര്‍ദ് പട്ടണമായ കൊബാനിയിലെ ഉപരോധം തകര്‍ക്കാന്‍ അമേരിക്ക അവരെ സഹായിച്ചു. ആയുധങ്ങള്‍ വിമാനത്തിലൂടെ അവര്‍ക്കിട്ടുകൊടുത്തു. അന്നുമുതല്‍, അമേരിക്കയ്‌ക്കൊപ്പമായിരുന്നു ഈ കുര്‍ദ് പടയാളികള്‍.



