ഉൽപാദനം ഇന്ത്യയിൽ വേണ്ട… മുന്നറിയിപ്പുമായി ട്രംപ്…
ഇന്ത്യയിൽ ആപ്പിൾ ഉത്പന്നങ്ങൾ നിർമിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് നിർദേശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെ കാര്യം അവർതന്നെ നോക്കിക്കോളുമെന്നും ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
തങ്ങളുടെ ഉൽപാദനം ചൈനയിൽനിന്ന് മാറ്റാനും ഇന്ത്യയിൽ കൂടുതൽ പ്ലാന്റുകൾ ആരംഭിക്കാനും ഉത്പാദനം വർധിപ്പിക്കാനും ആപ്പിൾ തീരുമാനിച്ചിരുന്നു. യുഎസ് തീരുവ വൻതോതിൽ വർധിപ്പിച്ച സാഹചര്യത്തിലായിരുന്നു ആപ്പിളിന്റെ ഈ നീക്കം. ഇതിനെതിരേയാണ് ട്രംപ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആപ്പിളിന് ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട്. ആപ്പിൾ ഇന്ത്യയിൽ ഉത്പന്നങ്ങൾ നിർമിക്കുകയാണെന്നാണ് ഇപ്പോൾ കേൾക്കുന്നതെന്നും ഇന്ത്യയിൽ ഉൽപാദനം നടത്തേണ്ടതില്ലെന്നും ട്രംപ് നിർദേശിച്ചു. ഇന്ത്യയെ വളർത്താൻ ആഗ്രഹിക്കുന്നെങ്കിൽ അവിടെ ഉൽപാദനം നടത്താം. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ തീരുവ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ഇന്ത്യയിൽ കച്ചവടം നടത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നും ട്രംപ് പറഞ്ഞു.
യുഎസ് ഉൽപന്നങ്ങൾക്ക് യാതൊരു തീരുവയും ഈടാക്കില്ലെന്ന് ഇന്ത്യ പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ഇക്കാലമത്രയും ആപ്പിൾ ചൈനയിൽ ഉത്പാദനം നടത്തിയത് ഞങ്ങൾ ക്ഷമിച്ചു. എന്നാൽ ഇന്ത്യയിൽ നിങ്ങൾ പ്ലാന്റുകൾ നിർമിക്കുന്നതിൽ ഞങ്ങൾക്ക് താൽപര്യമില്ല. ഇന്ത്യക്കാരുടെ കാര്യം അവർതന്നെ നോക്കട്ടെയെന്നാണ് ട്രംപ് പറഞ്ഞത്.
ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതിച്ചുങ്കം മറികടക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി നിർമാണ ശാലകളിൽ ഐഫോൺ ഉത്പാദനം വർധിപ്പിച്ച കമ്പനി, ഇന്ത്യയിൽ നിന്ന് 600 ടൺ ഐഫോണുകൾ യുഎസിലേക്ക് കയറ്റി അയച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഐഫോൺ ഉത്പാദനം 20 ശതമാനം ആപ്പിൾ വർധിപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
ഇറക്കുമതി ചുങ്കം വർധിപ്പിച്ചതോടെ യുഎസിലേക്കുള്ള ഐഫോൺ ഇറക്കുമതി കമ്പനിക്ക് അധികചെലവാകുന്ന സ്ഥിതിയുണ്ട്. ഇന്ത്യയ്ക്ക് 26 ശതമാനമാണ് നികുതി പ്രഖ്യാപിച്ചതെങ്കിൽ, ഐഫോണിന്റെ 90 ശതമാനം ഉത്പാദനവും നടക്കുന്ന ചൈനയ്ക്ക് 125 ശതമാനം ഇറക്കുമതിച്ചുങ്കമാണ് യുഎസ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഫോക്‌സ്‌കോൺ ഫാക്ടറിയിലാണ് ഇന്ത്യയിൽ പ്രധാനമായും ഐഫോൺ ഉത്പാദനം നടക്കുന്നത്.